അഞ്ചേരി ബേബി വധം; സിപിഎം ജില്ലാ സെക്രട്ടറിയുൾപ്പെടെ മൂന്നു പേർക്കു സമന്‍സ്

By Web DeskFirst Published Aug 10, 2016, 6:17 PM IST
Highlights

തൊടുപുഴ: അഞ്ചേരി ബേബിവധക്കേസിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുൾപ്പെടെ മൂന്നു പേർക്കു കൂടി കോടതി സമൻസ് അയച്ചു. ഈ മാസം 20ന് ഹാജരാകണമെന്നാവശ്യപ്പെട്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് സമൻസയച്ചിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയും  മുൻ ഉടുമ്പഞ്ചോല എം.എൽ.എ യുമായ കെ.കെ.ജയചന്ദ്രൻ, എം.കെ.ദാമോദരൻ, വി.എം.ജോസഫ് എന്നിവരോടാണ് ഈ മാസം 20ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

എംഎം മണിയുൾപ്പെടെ നാലുപേർ പ്രതികളായുളള കേസിൽ മേൽ പരാമർശിച്ച മൂന്നു പേരെ കൂടി പ്രതി ചേർക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്നാണ് കോടതി സമൻസയക്കാൻ ഉത്തരവിട്ടത്. എംഎം.മണിയുടെ വിവാദ മണക്കാട് പ്രസംഗത്തെ തുടർന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചാണ് നേരത്തേ മണിയുൾപെടെയുളളവർക്കെതിരേ കേസെടുത്തത്.  
കേസിന്‍റെ തുടക്കം മുതലേ കെ കെ ജയചന്ദ്രനുൾപ്പെടെയുളളവരും പ്രതികളാണെന്ന ആരോപണങ്ങളുയർന്നിരുന്നു. കോടതി സമൻസയക്കാൻ ഉത്തരവിട്ടതോടെ ഒന്നര വർഷമായ് നിർജീവമായിരുന്ന കേസും ആരോപണങ്ങളും വീണ്ടും സജീവമാവുകയാണ്.

കോൺഗ്രസ് സിപിഎം ഒത്തുകളിയിൽ അട്ടിമറി ശ്രമം ആരോപിക്കപ്പെടുന്ന കേസിൽ കഴിഞ്ഞ രണ്ടു തവണയും അന്വോഷണോദ്യോഗസ്ഥൻ കോടതിയിൽ ഹാജരായില്ല. പ്രോസിക്യൂഷനെ സഹായിക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

 

 

click me!