അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. പിണറായി മത്സരിക്കാനും ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് പാർട്ടിക്കില്ലെന്ന്, പിണറായി നയിക്കുമെന്ന് അറിയിച്ച ജനറൽ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കി.
വീണ്ടും ക്യാപ്റ്റൻ പിണറായി. മൂന്നാം ഭരണം തേടുന്ന എൽഡിഎഫിനെ പിണറായി തന്നെ നയിക്കണമെന്ന നിർദേശമാണ് സിപിഎം സംസ്ഥാന ഘടകം ഇന്ന് പോളിറ്റ് ബ്യൂറോയ്ക്ക് മുമ്പാകെ വച്ചത്. പിണറായി മത്സരിക്കണം എന്ന നിർദേശവും സംസ്ഥാന ഘടകം അറിയിച്ചു. ഇത് രണ്ടിനും പോളിറ്റ് ബ്യൂറോ യോഗം അംഗീകാരം നൽകി. എന്നാൽ പിണറായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന പ്രഖ്യാപനം ജനറൽ സെക്രട്ടറി എംഎ ബേബി നടത്തിയില്ല. ഭൂരിപക്ഷം കിട്ടിയ ശേഷം ഇക്കാര്യം എൽഡിഎഫ് തീരുമാനിക്കും എന്നാണ് വിശദീകരണം.
പിബിയിൽ നിന്ന് മറ്റാരെങ്കിലും മത്സരിക്കാനുള്ള തീരുമാനം ഇന്നുണ്ടായില്ല. കേരളത്തിലെ നേതൃയോഗങ്ങളിൽ ഉയരുന്ന ചർച്ചയ്ക്കനുസരിച്ച് ഇക്കാര്യം നിശ്ചയിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കെക ഷൈലജ അടക്കമുള്ള കാര്യത്തിലും തീരുമാനം പിബി സംസ്ഥാന ഘടകത്തിന് തന്നെ മാറുകയാണ്. സംസ്ഥാനത്തെ ചർച്ച പൂർത്തിയാക്കി ഏഴാം തീയതിയോടെ പട്ടികയിൽ അന്തിമ തീരുമാനം എടുക്കും. തുടർച്ചയായി ഒരേ ആളുകൾ തന്നെ മത്സരിക്കുന്നതിനോട് പൊതുവേ പാർട്ടിക്ക് യോജിപ്പില്ലെന്ന് എംഎ ബേബി വ്യക്തമാക്കി.
എഴുപത്തഞ്ച് വയസ് പ്രായപരിധി പിന്നിട്ട പിണറായിക്ക് ഇളവ് നൽകിയാണ് പിബിയിലും കേന്ദ്ര കമ്മറ്റിയിലും നേരത്തെ നിലനിർത്തിയത്. പിണറായി മത്സരിക്കുന്ന കാര്യത്തിലും ഈ പ്രായപരിധി മാറ്റിവച്ചുകൊണ്ട് പാർട്ടിയിലെ പിണറായിയുടെ മേധാവിത്വം എത്രയെന്ന സന്ദേശം പോളിറ്റ് ബ്യൂറോ നൽകുകയാണ്. പിണറായി ധർമ്മടത്തുതന്നെ മത്സരിക്കും.

