
കൊച്ചി: വനിത മാഗസിന്‍ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ നടപടിയ്ക്കില്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്ന് കോടതി വിശദമാക്കി. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാന്‍ സാധിക്കുന്ന സാഹചര്യമാണ് കവര്‍ ചിത്രത്തെ സംബന്ധിച്ചുള്ളതെന്ന് കോടതി വിശദമാക്കി.
ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു തുടങ്ങിയവരാണ് ചിത്രത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിച്ചത്. ചിത്രത്തിലെ അശ്ലീലത കാണാന്‍ പരമാവധി ശ്രമിച്ചെങ്കില്ര കൂടിയും തങ്ങള്‍ക്ക് അതിന് സാധിച്ചില്ല, രാജാ രവിവര്‍മയുടെ ചിത്രങ്ങളില്‍ നോക്കുന്നത് പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും ജഡ്ജിമാര്‍ വിലയിരുത്തി.
പരാതിക്കാരന്‍ ആരോപിച്ചത് പോലുള്ള ഉദ്ദേശം ചിത്രം പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഉണ്ടായിരുന്നില്ലെന്നും സമൂഹത്തിനെ തെറ്റായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതല്ല ചിത്രമെന്നും കോടതി വിശദമാക്കി. ഇന്ത്യന്‍ കലയ്ക്ക് ഏറെ പ്രശംസിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ പാരമ്പര്യമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചു. അജന്ത , എല്ലോറയിലെ ശില്‍പങ്ങള്‍ ഇവയ്ക്ക് ഉദാഹരണമാണ്. ഈ ശില്‍പങ്ങളിലൊന്നും ആരു നഗ്നത അല്ല കാണുന്നത് മറിച്ച് അതിലെ കലാമൂല്യം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. ശരീരത്തിന്റെ ദൈവീകതയെയാണ് കലകളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സദാചാരത്തിന്റെയും ഇന്ത്യന്‍ സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും എതിരെയാണ് ചിത്രത്തിനുള്ളതെന്നുമുള്ള പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. സ്ത്രീകളെ മാന്യതയില്ലാത്ത രീതിയില്‍ ചിത്രീകരിക്കാനും കുട്ടികളെ തെറ്റായ രീതിയിലും ചിത്രത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും കോടതി വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam