'ബേബി ഫാക്ടറി'യായ പിതാവിന് 13 കുട്ടികളുടെ സംരക്ഷണം വിട്ടുകൊടുത്ത് കോടതി

By Web DeskFirst Published Feb 21, 2018, 4:27 PM IST
Highlights

‘ബേബി ഫാക്ടറി’ ഉടമക്ക് നിയമ പോരാട്ടത്തിൽ വിജയം. വാടക ഗർഭപാത്രങ്ങളിലൂടെ നിരവധി കുട്ടികളുടെ അച്ഛനായ ജപ്പാൻ പൗരന് 13 കുട്ടികളുടെ സംരക്ഷണം വിട്ടുകൊടുത്തുകൊണ്ട് തായ്‍ലന്‍റിലെ ജുവനൈൽ കോടതി ഉത്തരവായി. കോടീശ്വരനായ ഷിഗെറ്റാ ഏതാനം വർഷങ്ങളായി സ്ഥിരം വിവാദ വാർത്താ വ്യക്തിത്വമാണ്. തായ്‍ലൻഡിൽ ബേബി ഫാക്ടറി വിവാദം എന്നറിയപ്പെടുന്ന കേസിന്റെ തുടക്കം 2014ലാണ്. 

നേരത്തേ ബാങ്കോക് നഗരത്തിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് ഒന്പത് കുട്ടികളെയും പരിചാരികമാരെയും ഗർഭിണിയെയും പൊലീസ് പിടികൂടി. കുട്ടികൾ എല്ലാവരും വാടക ഗർഭധാരണത്തിലൂടെ ജനിച്ചവരായിരുന്നു. എല്ലാ കുട്ടികളുടെയും അച്ഛൻ ജപ്പാൻകാരനായ കോടീശ്വരൻ ഷിഗെറ്റയാണ് എന്ന വാർത്ത തുടർന്ന് പുറത്തുവന്നു. വാടക ഗർഭധാരണത്തിന്റെയും മനുഷ്യക്കടത്തിന്റെയും പേരിൽ തായ്‍ലൻസ് വാർത്തകളിൽ നിറഞ്ഞ സമയമായിരുന്നു അത്. സംഭവം വിവാദമായതോടെ സംഭവം വലിയ നിയമ പോരാട്ടത്തിലേക്ക് നീങ്ങി. 

വിദേശികളിൽ നിന്ന് പണംവാങ്ങിയുള്ള ഗർഭധാരണം 2015ൽ തായ്‍ലൻഡ് നിരോധിച്ചതോടെ ഷിഗെറ്റയുടെ കേസ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധനേടി.  ഒടുവിൽ മൂന്ന് വർഷങ്ങൾക്കിപ്പുറം, 13 കുഞ്ഞുങ്ങളും ഷിഗേറ്റയ്ക്ക് സ്വന്തമെന്ന് കോടതി വിധിയെഴുതിയിരിക്കുന്നു. എല്ലാ കുഞ്ഞുങ്ങളേയും പോറ്റാനുള്ള സാമ്പത്തിക ശേഷി ഷിഗെറ്റയ്ക്ക് ഉണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സംഭവത്തിന് മനുഷ്യക്കടത്തുമായി യാതൊരു ബന്ധമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

തീർന്നില്ല, ഈ പതിമൂന്ന് കുഞ്ഞുങ്ങൾ കൂടാതെ കംബോഡിയയിലും ജപ്പാനിലുമായി ഷിഗെറ്റയ്ക്ക് ആറ് കുഞ്ഞുങ്ങൾ വേറെയുമുണ്ട്. വാടക ഗർഭപാത്രത്തിലൂടെ ജനിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ പിന്നീട് ഉപേക്ഷിക്കുന്ന നിരവധി സംഭവങ്ങൾ പുറത്തുവന്നതോടെയാണ് തായ് ലൻഡിൽ നിയമങ്ങൾ കർശനമാക്കിയത്.
 

click me!