അമേരിക്കയുമായുള്ള 2020-ലെ കരാർ പ്രകാരം ശേഷിക്കുന്ന മൂന്ന് അപ്പാച്ചെ AH-64 യുദ്ധ ഹെലികോപ്ടറുകൾ കൂടി ഇന്ത്യയിലെത്തുന്നു. 'ഫ്ലൈയിംഗ് ടാങ്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവ ഇന്ത്യൻ സേനയുടെ കരുത്ത് ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദില്ലി: അമേരിക്കയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകളിൽ ശേഷിക്കുന്ന മൂന്നെണ്ണവും ഈ ആഴ്ച്ച ഇന്ത്യയിലെത്തും. അപ്പാച്ചെ AH-64 യുദ്ധ വിമാനമാണ് എത്തുന്നത്. 2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ (5100 കോടിയിലധികം ഇന്ത്യൻ രൂപ) കരാർ പ്രകാരമാണ് ആറ് അപ്പാച്ചെ എ എച്ച് - 64 ഇ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് രാജ്യത്തെത്തിയത്. ആദ്യ ബാച്ചിലും 3 ഹെലികോപ്റ്ററുകളാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടമായി നവംബറിൽ അപ്പാച്ചെ ഇന്ത്യയിലെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇത് ഒരു മാസത്തോളം വൈകുകയായിരുന്നു.

2020 ലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാനായി അമേരിക്കയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടത്. എന്നാൽ അമേരിക്കയിലെ സാങ്കേതിക പ്രശ്നങ്ങളും, വിതരണവുമായി ബന്ധപ്പെട്ടുണ്ടായ മറ്റു ചില തടസങ്ങൾ മൂലവും ഹെലികോപ്റ്ററെത്താൻ 5 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ ആർമിയുടെ കരുത്ത് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ ഇത് വലിയ മുതൽക്കൂട്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം, പടിഞ്ഞാറൻ അതിർത്തിയിലെ യുദ്ധസന്നദ്ധത വർധിപ്പിക്കുന്നതിന് ഈ ഹെലികോപ്റ്ററുകൾ നിർണായകമാകും.

ജോധ്പൂരിൽ 2024 മാർച്ചിൽ ഹെലികോപ്റ്ററുകൾക്കായി ആർ ആന്റ് ആർ അപ്പാച്ചെ സ്ക്വാഡ്രൺ സ്ഥാപിച്ചിരുന്നു. അത്യാധുനിക സെൻസറുകൾ, രാത്രി യുദ്ധ സംവിധാനങ്ങൾ, ഹെൽഫയർ മിസൈലുകൾ, സ്റ്റിംഗർ എയർ ടു എയർ മിസൈലുകൾ എന്നിവയാൽ സജ്ജമായ ഈ ഹെലികോപ്റ്ററുകൾ 'ഫ്ലൈയിംഗ് ടാങ്ക്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദീർഘകാലമായി കാത്തിരുന്ന അപ്പാച്ചെയുടെ ശേഷിക്കുന്ന ബാച്ചും എത്തിയതോടെ, സൈന്യത്തിലെ ആയുധ ശേഷിയുടെ പ്രവർത്തന വിടവുകൾക്ക് പരിഹാരമാകും.