
കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിഴിഞ്ഞം കരാറിലൂടെ പൊതുമുതൽ വിൽപ്പനയാണോ നടക്കുന്നതെന്നു ചോദിച്ച കോടതി സംസ്ഥാനത്തിന്റെ സ്വത്ത് ഒരു സ്വകാര്യ കമ്പനിക്ക് പണയം വയ്ക്കുകയല്ലേയെന്നും ചോദ്യമുയർത്തി. കരാർ പരിശോധിച്ച സിഎജി അന്പരന്നുപോയെന്നും കോടതി നിരീക്ഷിച്ചു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാറിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണു കോടതിയുടെ നിരീക്ഷണം. വിഴിഞ്ഞം തുറമുഖ കരാർ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
വിഴിഞ്ഞം കരാറിലൂടെ പൊതുമുതൽ വിൽപ്പനയാണോ നടക്കുന്നത്? സംസ്ഥാനത്തിന്റെ സ്വത്ത് പണയം വയ്ക്കുന്ന കരാറിലൂടെ സർക്കാരിനു കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. 40 വർഷം കൊണ്ടു സംസ്ഥാനത്തിനു കിട്ടുന്ന തുകയേക്കാൾ കൂടുതൽ കരാർ കമ്പനിക്ക് തിരിച്ചു നൽകേണ്ടിവരുന്നു. 40 വർഷത്തിനുശേഷം 13947 കോടി ലഭിക്കുന്നിടത്ത് കരാറിൽ ഏർപ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പിന് സംസ്ഥാനം 19555 കോടി രൂപ തിരികെ നൽകേണ്ടിവരുന്നു. ഇത്തരത്തിൽ 5000 കോടി രൂപയിലധികമാണ് കമ്പനിക്ക് കൊടുക്കേണ്ടിവരുന്നത് തുടങ്ങി കരാറിനെ സംബന്ധിച്ചു ഗുരുതരമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയിട്ടുള്ളത്.
കരാറിലെ സർക്കാർ നിലപാടിനെതിരേയും കോടതി ചോദ്യങ്ങളുയർത്തി. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണ കമ്മിഷൻ കടലാസിൽ മാത്രമാണോയെന്നു ഹൈക്കോടതി ചോദിച്ചു. ആറു മാസ കാലാവധിയിലാണ് സർക്കാർ ജുഡീഷൽ കമ്മിഷനെ രൂപീകരിച്ചത്. പ്രഖ്യാപനം നടത്തി നാലുമാസം കഴിഞ്ഞിട്ടും ജുഡീഷൽ കമ്മിഷനു സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കരാറിൽ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടാനും കോടതി തീരുമാനിച്ചു. സർക്കാരിന്റെ മടുപടി ലഭിച്ചശേഷം ഹർജിയിൽ ഹൈക്കോടതി വിധി പുറപ്പെടുവിക്കും.
വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് എന്തു വാണിജ്യനേട്ടമാണ് ഉണ്ടാവുകയെന്നും സംസ്ഥാനത്തിന്റെ താത്പര്യം ഈ കരാറിലൂടെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും വ്യക്തമാക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ സാന്പത്തിക ഇളവനുവദിക്കുന്നത് 30 വർഷത്തേക്കാണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പിന് 40 വർഷത്തേക്കാണ് ഇളവ് നൽകുന്നതെന്നും സംസ്ഥാനത്തിന് ഇതുമൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സിഎജി റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam