രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

By Web TeamFirst Published Dec 3, 2018, 3:24 PM IST
Highlights

പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ  ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിന്സിപ്പൽ സെഷൻസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ  ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ജയിലില് 2 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. എന്നാൽ  വിധിക്കെതിരെ പൊലീസ് വീണ്ടും അപ്പീൽ നൽകിയിരുന്നു. 

ഫേസ് ബുക്ക് പോസ്റ്റിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ബിഎസ്എൻഎല്ലിന്റെ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നീഷ്യൻ‌ ആയി ജോലി ചെയ്യുകയായിരുന്നു രഹ്ന. 

കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു.

ഈ പരാതിയിലാണ് പത്തനംതിട്ട ടൗൺ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹ്നയെ അറസ്റ്റ് ചെയ്തത്. ഫേസ്‍ബുക്ക് പോസ്റ്റിലൂടെ മതസ്പർദ്ധ ഉണ്ടാക്കിയെന്ന കേസിൽ കഴിഞ്ഞ 27നായിരുന്നു രഹ്ന ഫാത്തിമ റിമാൻഡിലായത്. 

click me!