
കണ്ണൂർ: ലോക്‍സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയ സിബിഐ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വാർത്താക്കുറിപ്പ്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സിബിഐ യെ ദുരുപയോഗം ചെയ്തതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂർ വധക്കേസില്‍ പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎൽഎ എന്നിവര്‍ക്കെതിരായി നൽകിയ കുറ്റപത്രമെന്ന് വാർത്താക്കുറിപ്പ് വിമർശിക്കുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന ഇങ്ങനെ:
''ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടാണ് സിബിഐ ഇത്തരമൊരു രാഷ്ട്രീയക്കളി നടത്തിയത്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ, പട്ടുവം പഞ്ചായത്തിലെ അരിയില്‍ വെച്ച് മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായതെന്നാണ് പ്രസ്താവന കുറ്റപ്പെടുത്തുന്നത്.
അന്നേ ദിവസം കണ്ണപുരം പഞ്ചായത്തിലാണ് നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത്. ഇതിന്‍റെ പേരില്‍ 'പാര്‍ട്ടി കോടതി വിധി' എന്ന് കുറ്റപ്പെടുത്തി ലീഗ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി നേതാക്കളെ കൊലക്കേസില്‍ പ്രതിയാക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ പ്രത്യേകം നിര്‍ദ്ദേശിക്കുകയായിരുന്നു.
രണ്ട് ലീഗ് പ്രവര്‍ത്തകരെ സാക്ഷികളാക്കിയാണ് ഐ.പി.സി 118-ാം വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ സാക്ഷികള്‍ പിന്നീട് തളിപ്പറമ്പ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിൽ, തങ്ങള്‍ നേതാക്കള്‍ പരിക്കേറ്റ് കിടക്കുന്ന ആശുപത്രിയിലോ, പരിസരത്തോ പോയില്ലെന്നാണ് മൊഴി കൊടുത്തത്.
ഇതേ സാക്ഷികളെ കൂടി ഉപയോഗപ്പെടുത്തിയാണ് സി.ബി.ഐ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുള്ളത്. പുതിയ തെളിവുകളില്ലാതെയാണ് സി.ബി.ഐ ഇത്തരം നീക്കം നടത്തിയത്. സി.ബി.ഐ എന്ന കേന്ദ്ര അന്വേഷണ ഏജന്‍സി അതുവഴി രാഷ്ട്രീയ കളിക്ക് കൂട്ട് നിന്നിരിക്കുകയാണ്.'' - എന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam