വരാപ്പുഴ കസ്റ്റഡി കൊലപാതകം; പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം

By Web DeskFirst Published May 12, 2018, 11:08 AM IST
Highlights

കേസിലെ പ്രതിപ്പട്ടിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാക്കി നല്കിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും  ഏരിയാ കമ്മിറ്റി അംഗം വി.പി ഡെന്നി പറഞ്ഞു.

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ കുടുക്കിയത് സി.പി.എം ആണെന്ന അമ്മയുടെ ആരോപണം പാര്‍ട്ടി നിഷേധിച്ചു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം യോഗം ചേര്‍ന്നത് ഗുഢാലോചനയ്‌ക്കല്ലെന്നും  പ്രതിഷേധത്തിന്റെ ഭാഗമായ ഹര്‍ത്താല്‍ തിരുമാനിക്കാനാണെന്നും ഏരിയാ കമ്മിറ്റി അംഗം വി.പി ഡെന്നി പറഞ്ഞു. കേസിലെ പ്രതിപ്പട്ടിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാക്കി നല്കിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജിത്തിന്റെ അമ്മ ശ്യാമള രംഗത്തെത്തിയിരുന്നു. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്ന് ശ്യാമള ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്‍ ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നില്‍. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത്‌ ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയതെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു. 

സി.പി.എം നേതാക്കള്‍ തന്റെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതനും സമ്മതിച്ചു. ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കല്‍ സെക്രടറി വേണു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എന്താണ് തീരുമാനമെടുത്തതെന്ന് അറിയില്ല. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ഗുഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും ആരോപണം രാഷ്‌ട്രീയ പ്രേരിതമാണെന്നും പ്രിയ ഭരതന്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.

click me!