മുകേഷിനെ സിപിഎം ജില്ലാ  നേതൃത്വം കൈയൊഴിയുന്നു

Published : Jul 12, 2017, 01:16 PM ISTUpdated : Oct 04, 2018, 11:53 PM IST
മുകേഷിനെ സിപിഎം ജില്ലാ  നേതൃത്വം കൈയൊഴിയുന്നു

Synopsis

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ നേരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് മുകേഷ് എംഎല്‍എയെ സിപിഎം ജില്ലാ നേതൃത്വം കൈയൊഴിയുന്നു. കഴിഞ്ഞദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മുകേഷിനെ വിളിച്ചുവരുത്തിയതും അതിനുശേഷമുണ്ടായ സംഭവവികാസങ്ങളും അതാണ് സൂചിപ്പിക്കുന്നത്. മുകേഷ് വന്നത് കാരണം കൊല്ലത്ത് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായ മുതിര്‍ന്ന നേതാവ് പി കെ ഗുരുദാസന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിശിത വിമര്‍ശനമാണ് മുകേഷിനെതിരെ ഉയര്‍ന്നത്. 

അമ്മയുടെ വാര്‍ത്താസമ്മേളനത്തിലുണ്ടായ വിവാദത്തെ തുടര്‍ന്ന് മുകേഷിനെതിരെ കടുത്ത നിലപാട് എടുക്കണമെന്ന വികാരം നേരത്തെ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനുണ്ടായിരുന്നു. കൂടാതെ, അടുത്തകാലത്തായി മണ്ഡലത്തിലെ പൊതുപരിപാടികളില്‍ എംഎല്‍എയുടെ അസാന്നിദ്ധ്യവും വിവാദമായിരുന്നു. ഇതിനെതിരെ നേതാക്കളും പ്രവര്‍ത്തകരും ശക്തമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ മുകേഷിനെതിരെ പരസ്യപ്രതികരണവുമായി ചില പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് മുകേഷിന്റെ ഓഫീസിലേക്കും വീട്ടിലേക്കും തുടരെത്തുടരെ സമരങ്ങള്‍ ഉണ്ടാകുന്നതില്‍ പാര്‍ട്ടി നേതൃത്വം കടുത്ത അതൃപ്തിയിലുമാണ്. ഈ വിഷയങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് മുകേഷിനോട് അടിയന്തരമായി കൊല്ലത്ത് എത്താന്‍ കോടിയേരി നിര്‍ദ്ദേശിച്ചത്. ദിലീപ് കുറ്റവാളിയല്ലെന്നാണ് വിശ്വസിച്ചിരുന്നത് എന്നാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷ് വിശദീകരിച്ചത്. ദിലീപിന് വേണ്ടി എംഎല്‍എ എന്ന നിലയിലോ അല്ലാതെയോ ഒരിടപെടലും നടത്തിയിട്ടില്ല. അറസ്റ്റിലായ ദിലീപിനെ ഒരുതരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും മുകേഷ് വ്യക്തമാക്കി. 

എന്നാല്‍ മുകേഷിനെതിരെ കടുത്ത വിമര്‍ശനമാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാനസമിതി അംഗങ്ങളും ഉന്നയിച്ചത്. ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാലും മുകേഷിനെ തള്ളിപ്പറഞ്ഞു. ജില്ലയിലെ ഔദ്യോഗികപക്ഷത്തെ പ്രമുഖരായ പി രാജേന്ദ്രനും കെ വരദരാജനും മാത്രമാണ് മുകേഷിനെതിരായ സ്വരം മയപ്പെടുത്തിയത്. അതേസമയം പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സംഘടനാപരമായ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല എന്നൊരു സ്ഥിതിവിശേഷവും മുകേഷിന്റെ കാര്യത്തിലുണ്ട്. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച് എംഎല്‍എയായ മുകേഷിനെതിരെ ആരോപണം ഉയരുന്നത് നിസ്സാരമായി കാണാനാകില്ലെന്ന നിലപാടിലാണ് പാര്‍ട്ടിനേതൃത്വം. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തോട് വിശദീകരിക്കാനാണ് മുകേഷിനോട് നിര്‍ദ്ദേശിച്ചത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷ് ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. എന്നാല്‍ മുകേഷിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവരൊന്നും പ്രതിരോധിക്കാന്‍ രംഗത്ത് വരാതെ ഓഫീസിനുളളില്‍ത്തന്നെ ഇരുന്നു. ഒടുവില്‍ കെ വരദരാജന്‍ മാത്രമാണ് പുറത്തേക്ക് വന്നത്. മുകേഷിനെ അദ്ദേഹം ന്യായീകരിച്ചെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ എന്തെങ്കിലും പറയാന്‍ തയ്യാറായില്ല. 

സിപിഎം ജില്ലാനേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാനനേതൃത്വം നിശ്ചയിക്കുന്നത്. മുകേഷിന്റെ കാര്യത്തില്‍ അന്നുമുതലുള്ള ഭിന്നത ഇന്നും രൂക്ഷമായി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കടുത്ത വി എസ് പക്ഷനേതാവും എംഎല്‍എയുമായിരുന്ന പി കെ ഗുരുദാസനെത്തന്നെ വീണ്ടും മല്‍സരിപ്പിക്കുന്നതിനായിരുന്നു ജില്ലാ നേതൃത്വത്തിന് താല്‍പര്യം. എന്നാല്‍ കൊല്ലം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ച ദേശാഭിമാനിയിലെ പ്രമുഖനായിരുന്ന ആര്‍ എസ് ബാബുവിനെ മല്‍സരിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് ജില്ലാനേതൃത്വം പാടെ തള്ളി. ഇതോടെയാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാമണ്ഡലത്തില്‍ എംഎ ബേബി ഇരുപതിനായിരത്തിലേറെ വോട്ടിന് പിന്നിലായ സാഹചര്യത്തില്‍ വിജയസാധ്യതകൂടി പരിഗണിച്ചാണ് സംസ്ഥാനനേതൃത്വം മുകേഷിന്റെ പേര് മുന്നോട്ടുവെക്കാന്‍ തയ്യാറായതെന്നായിരുന്നു സൂചന. കലാ സാംസ്‌ക്കാരിക മാധ്യമരംഗത്തുള്ളവരെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കൂടുതലായി പരിഗണിക്കണമെന്ന പാര്‍ട്ടിയുടെ താല്‍പര്യവും മുകേഷിന് അനുകൂലമായി. എന്നാല്‍ മുകേഷിനെ സ്ഥാനാര്‍തഥിയാക്കാനുള്ള നിര്‍ദ്ദേശവും അംഗീകരിക്കാന്‍ ജില്ലാനേതൃത്വം തയ്യാറായില്ല. പലതവണ യോഗം ചേര്‍ന്നെങ്കിലും നിലപാട് മാറ്റാന്‍ ജില്ലാനേതൃത്വം തയ്യാറായില്ല. ഒടുവില്‍ പിണറായി വിജയന്റെ കാര്‍ക്കശ്യത്തിന് മുന്നില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. മുകേഷിന്റെ  സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് അതെല്ലാം ആറുകയായിരുന്നു. മികച്ച വിജയം നേടി മുകേഷ് നിയമസഭയിലേക്ക് എത്തുകയും ചെയ്തു. 

പക്ഷേ പിന്നീട് മണ്ഡലത്തില്‍ സജീവമല്ലെന്നും, സാധാരണ പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യനായ എംഎല്‍എ ആണെന്നുമുള്ള വിമര്‍ശനം പലതവണ മുകേഷിനെതിരെ ഉയര്‍ന്നു. ഇതോടെ അന്നും മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തി, മണ്ഡലത്തില്‍ സജീവമായി ഇടപെടണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്തിടെ പകര്‍ച്ചപ്പനി മണ്ഡലത്തില്‍ വ്യാപകമായിട്ട് തിരിഞ്ഞുനോക്കാതിരുന്നതും, ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സ്‌കാനിങ് യന്ത്രം സ്ഥാപിച്ചതിന്റെ ഉദ്ഘാടന ചടങ്ങിലെ അസാന്നിദ്ധ്യവും കാരണം മുകേഷിനെതിരായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായിരുന്നു. ഇതിന്റെകൂടി തുടര്‍ച്ചയായിവേണം, ദിലീപ് വിഷയത്തില്‍ ജില്ലാനേതൃത്വം മുകേഷിനെതിരായ നിലപാട് കടുപ്പിച്ചതിനെ നോക്കിക്കാണാന്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍