വിഎസിനെതിരായ പിബി കമ്മീഷൻ റിപ്പോർട്ടില്‍ അന്തിമ തീരുമാനം ജനുവരിയിൽ

By Web DeskFirst Published Nov 15, 2016, 3:52 PM IST
Highlights

ദില്ലി: കേരളത്തിലെ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച പോളിറ്റ് ബ്യൂറോ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൻമേലുള്ള അന്തിമ തീരുമാനം ജനുവരിയിൽ തിരുവനന്തപുരത്ത് ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി കൈക്കൊള്ളും. വിഎസ് അച്യുതാനന്ദന് എതിരെ അച്ചടക്ക നടപടി വേണോയെന്ന് കേന്ദ്രകമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിഎസിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി പിബികമ്മീഷൻ നടപടികൾ അവസാനിപ്പിക്കുമെന്നാണ് സൂചന.
 

രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാളെ പാർലമെന്റ് തുടങ്ങുന്നതിനാൽ ഒരു ദിവസമായി ചുരുക്കുകയായിരുന്നു. പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ട് പിബി യോഗത്തിൽ വച്ചു. വിഎസിനെതിരായ പരാതികളിൽ കഴമ്പുണ്ടെന്നാണ് കമ്മീഷന്റെ നിഗമനം. എന്നാൽ റിപ്പോർട്ടിൽ വിഎസിനെതിരെ നടപടിക്ക് ശുപാർശയില്ല.

നടപടി ഒഴിവാക്കണം എന്ന നിലപാടാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വീകരിച്ചത്. വിശദമായ ചർച്ച പിബി യോഗത്തിലുണ്ടായില്ല. ജനുവരി 6,7,8 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ റിപ്പോർട്ടിനെക്കുറിച്ച് തീർപ്പുണ്ടാകും. 5ന് ചേരുന്ന പിബി യോഗം ഇതിനുള്ള ശുപാർശ തയ്യാറാക്കും.

വി എസ് അച്യുതാനന്ദന് പറ്റിയ പിഴവുകൾ ചൂണ്ടിക്കാട്ടി വിഷയം അവസാനിപ്പിക്കുമെന്നാണ് സൂചന. നടപടിയിലേക്ക് പോയാൽ പാർട്ടി ഐക്യത്തെ അത് ബാധിക്കുമെന്നാണ് പിബിയിലെ ഭൂരിപക്ഷ അഭിപ്രായം. ഇപി ജയരാ‍ജൻ രാജിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചും പിബിയിൽ ചർച്ചയുണ്ടായില്ല. അച്ചടക്ക നടപടിക്കുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശയും ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം പരിഗണിക്കും.

click me!