ക്ഷേത്ര സന്ദര്‍ശനം; കടകംപള്ളിക്ക് ജാഗ്രതക്കുറവുണ്ടായി, പാര്‍ട്ടി നടപടിയില്ല

By Web DeskFirst Published Sep 29, 2017, 6:36 PM IST
Highlights

തിരുവനന്തപുരം: ക്ഷേത്ര സന്ദര്‍ശന വിവാദത്തില്‍ മന്ത്രി കടംകംപള്ളി സുരേന്ദ്രന് ജാഗ്രത കുറവുണ്ടായെന്ന് വിമര്‍ശനം. തെറ്റു പറ്റിയെന്ന വിശദീകരണം മുഖവിലക്കെടുത്തതിനാല്‍ കടകംപള്ളിക്കെതിരെ പാര്‍ട്ടി നടപടിയും ഇല്ല. തോമസ് ചാണ്ടിക്കെതിരായ ആക്ഷേപങ്ങള്‍ സംസ്ഥാന സമിതിയില്‍ പരാമര്‍ശിച്ചതേയില്ല. വേങ്ങര തെര‍ഞ്ഞെടുപ്പില്‍ എം.എല്‍.എമാരെല്ലാം പ്രചരണ രംഗത്ത് വേണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു

വലതുപക്ഷവ്യതിയാനം മുതല്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം വരെ ചര്‍ച്ചയായ ക്ഷേത്ര സന്ദര്‍ശന വിവാദത്തില്‍ കടകംപള്ളിക്കെതിരെ പാര്‍ട്ടി നടപടിയൊന്നുമില്ല. ഗരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തെ കുറിച്ച് പാര്‍ട്ടിക്കകത്തും പുറത്തും വിവാദമുണ്ടായെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ ക്ഷേത്രത്തില്‍ പോകുന്നത് തെറ്റല്ല. വഴിപാട് അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കണമായിരുന്നു. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന കടകംപള്ളിയുടെ വിശദീകരണം പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ചു. കടകംപള്ളിയുടെ നടപടിയില്‍ സെക്രട്ടറിയറ്റ് യോഗം നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നെങ്കിലും നടപടി ആവശ്യം ഉയര്‍ന്നിരുന്നില്ല. 

കടകംപള്ളി കൂടി ഉള്‍പ്പെട്ട ഘടകം എന്ന നിലയില്‍ മാത്രമാണ് വിഷയം സംസ്ഥാന സമിതിയിലെത്തിയത്. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് സംസ്ഥാന സമിതിയില്‍  പരാമര്‍ശം പോലുമുണ്ടായില്ല . ലാവ്‍ലിന്‍ വിധിയും ഇ.പി ജയരാനെ കുറ്റ വിമുക്തനാക്കിയ കോടതി നടപടിയും ആശ്വാസമായെന്നും സി.പി.എം സംസ്ഥാന സമിതി വിലയിരുത്തി .എന്നാല്‍ ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല . വേങ്ങര തെര‍ഞ്ഞെടുപ്പിന് മുഴുവന്‍ എം.എല്‍.എമാരും പ്രചരണ രംഗത്തുണ്ടാകണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു.

click me!