റോഡ് വികസനം: നഷ്ടപരിഹാരം ചോദിച്ചവരുടെ ഭൂമി ഇടിച്ചു നിരത്തി

By Web DeskFirst Published Feb 1, 2018, 3:06 AM IST
Highlights

തിരുവനന്തപുരം: റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെടവരുടെ ഭൂമി ജെ.സി.ബി ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇടിച്ചുനിരത്തിയെന്ന് ആരോപണം.തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടാണ് സംഭവം. നഷ്‌ടപരിഹാരം തേടി പ്രദേശവാസികള്‍ നല്‍കിയ കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്ദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ സാന്നിദ്ധ്യമില്ലാതെ റോഡിന്റെ അളവോ അലൈന്‍മെന്റോ പരിഗണിക്കാതെ വീടുകളുടെ മതിലുകള്‍  തകര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പിരപ്പന്‍കോട് നിന്ന് അമ്പലംമുക്ക് വരെയുള്ള റിങ് റോഡ് നിര്‍മ്മാണത്തിനായി ഏതാനും പേരില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് പ്രയോജനപ്പെടുത്തി 10 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയത്. പത്ത് കിലോമീറ്ററോളം വരുന്ന റോഡിന്റെ ഏറിയ ഭാഗത്തും മതിയായ വീതി ഇപ്പോള്‍ തന്നെയുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് ആവശ്യമായ സ്ഥലം ഏറ്റെടുത്തായിരുന്നു നിര്‍മ്മാണം. ഈ പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്‌ടരപരിഹാരം നല്‍കില്ലെന്ന് അധികൃതര്‍ പ്രദേശവാസികളെ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലത്തിന് മതിയായ നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടും ഏതാനും പേര്‍ നെടുമങ്ങാട് കോടതിയെ സമീപിച്ചു. കോടതി അഭിഭാഷക കമ്മീഷനെ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഫെബ്രുവരി രണ്ടിന് കേസ് പരിഗണിനയ്‌ക്കായി വെച്ചിരിക്കുകയാണ്.

ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മൂന്ന് ജെ.സി.ബികളുമായെത്തി 'സ്ഥലം ഏറ്റെടുക്കുക'യായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ ഇവിടെ പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥര്‍ സ്ഥലം അളന്നുതിട്ടപ്പെടുത്താനെത്തിയിരുന്നെങ്കിലും കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീര്‍പ്പാകുന്നത് വരെ ഇത് അനുവദിക്കില്ലെന്ന നിലപാട് നാട്ടുകാര്‍ കൈക്കൊണ്ടു. ഇത് അംഗീകരിച്ച് സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അളവെടുക്കാതെ  ഉദ്ദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു ബുധനാഴ്ച സി.പി.എം പ്രവര്‍ത്തകരുടെ ഗുണ്ടായിസം അരങ്ങേറിയത്. നാട്ടുകാരായ സി.പി.എം പ്രവര്‍ത്തകര്‍ ജെ.സി.ബികളുമായെത്തി വീടിന്റെ മതിലുകള്‍ തകര്‍ത്ത് ഭൂമി ഇടിച്ചുനിരത്തി.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെ വീടുകളില്‍ പുരുഷന്മാര്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘം എത്തിയത്. പുല്ലമ്പാറ പഞ്ചായത്ത് മുന്‍ അംഗവും ഇപ്പോള്‍ സി.പി.എം തേമ്പാമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ സുധീറിന്റെ നേതൃത്വത്തിലായിരുന്നു ജെ.സി.ബി ഉപയോഗിച്ച് മതിലുകള്‍ ഇടിച്ചുപൊളിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. 50ഓളം സി.പി.എം പ്രവര്‍ത്തകരാണ് ഒപ്പമുണ്ടായിരുന്നത്. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ സംഘടിച്ച് ഇത് തടയാന്‍ ശ്രമിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തുകയും എതിര്‍ത്തവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് വെഞ്ഞാറമൂട് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സ്ഥലത്ത് വന്ന് നോക്കി പോയതല്ലാതെ യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭമറിഞ്ഞ് വൈകുന്നേരത്തോടെ നാട്ടുകാര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും സി.പി.എം സംഘം വാഹനങ്ങളുമായി മടങ്ങി. രാത്രി വീണ്ടും ഇവര്‍ എത്തുമെന്ന് ഭയന്ന് ബുധനാഴ്ച രാത്രി വൈകിയും സ്ഥലത്ത് നാട്ടുകാര്‍ കാവലിരിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങിയ ഒരാളുടെ സ്ഥലവും  ഇടിച്ചുതകര്‍ത്തതില്‍ പെടുന്നു.

അതേസമയം ജനകീയ സമിതിയുടെ തീരുമാന പ്രകാരം റോഡ് വികസനത്തിനായി ഭൂമി വിട്ടു നല്‍കാന്‍ എല്ലാവരും സന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് വാമനപുരം എം.എല്‍.എ ഡി.കെ മുരളി പറഞ്ഞത്. ഭൂമി വിട്ടു നല്‍കിയ ഏതാനും പേര്‍ക്ക് ഇതില്‍ അമര്‍ഷമുണ്ടായിരുന്നതായും എം.എല്‍.എ പറയുന്നു. കഴിഞ്ഞ ദിവസം താന്‍ നിയമസഭയിലായിരുന്നതിനാല്‍ എന്താണ് സ്ഥലത്ത് നടന്നതെന്ന് അറിയില്ല. സി.പി.എം പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ അന്യായമായി സ്ഥലം ഇടിച്ചുനിരത്തുമെന്ന് കരുതുന്നില്ലെന്നുമാണ് എം.എല്‍.എ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞത്.

ആരാണ് ഭൂമി ഇടിച്ചുനിരത്തിയതെന്ന കാര്യം ചോദിച്ചപ്പോള്‍ ഇക്കാര്യം വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും വലിയ ധാരണയില്ല. ഉദ്ദ്യോഗസ്ഥരല്ലാതെ ഇങ്ങനെ ചെയ്യില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ പലതവണ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കിയതാണെന്നും സി.ഐ പറഞ്ഞു.  എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കെ പഞ്ചായത്തിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ ഒരു ഉദ്ദ്യോഗസ്ഥന്‍ പോലും സ്ഥലത്തില്ലാതെയാണ് മതിലുകള്‍ തകര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറിക്കും ഇന്ന് നടന്ന സ്ഥലം ഏറ്റെടുക്കലിനെക്കുറിച്ച് ഒന്നുമറിയില്ല. റോഡിന്റെ അളവോ മറ്റോ പരിഗണിക്കാതെ മതിലുകള്‍ ഇടിച്ചുനിരത്തുന്ന സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയുമാണ് നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലും കാണുന്നത്.

 

click me!