സിപിഎം പാർട്ടി കോൺഗ്രസ് ബുധനാഴ്ച; നേതൃത്വത്തിൽ യോജിപ്പില്ലെന്ന് വിലയിരുത്തൽ

By Web DeskFirst Published Apr 17, 2018, 1:33 AM IST
Highlights
  • സിപിഎം പാർട്ടി കോൺഗ്രസ് ബുധനാഴ്ച; നേതൃത്വത്തിൽ യോജിപ്പില്ലെന്ന് വിലയിരുത്തൽ

മുംബൈ: ഉന്നത നേതൃത്വത്തിലെ ഭിന്നത പാർട്ടി പ്രവർത്തനത്തെ ബാധിച്ചു എന്ന് സിപിഎം വിലയിരുത്തൽ. പാർട്ടി സെൻററിൽ യോജിപ്പില്ലെന്ന അഭിപ്രായം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിൽ സിപിഎം വ്യക്തമാക്കും. കഴിഞ്ഞ മൂന്നു വർഷവും സിപിഎം ഉന്നത നേതൃത്വത്തിന് ഒരുമയോടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന സ്വയം വിമർശനം സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് സിപിഎം തീരുമാനം. പാർട്ടി സെന്‍ററിന്‍റെ പ്രവർത്തനം വിലയിരുത്തി പാർട്ടി എത്തി ചേർന്ന വിലയിരുത്തൽ ഇതാണ്. രാഷ്ട്രീയ അടവുനയത്തെക്കുറിച്ചും അത് നടപ്പാക്കിയത് സംബന്ധിച്ചും പോളിറ്റ് ബ്യൂറോയിലുണ്ടായ ഭിന്നത പാർട്ടി സെന്‍ററിന്‍റെ പ്രവർത്തനത്തെ ബാധിച്ചു. 

വർഗീയതയ്ക്ക് എതിരെ വിശാല വേദി രൂപീകരിക്കണമെന്ന പാർട്ടി കോൺഗ്രസ് നിർദേശം നടപ്പാക്കുന്നതിന് ഇത് തിരിച്ചടിയായി. വർഗ്ഗ ബഹുജന സമരങ്ങൾ വളർത്തി കൊണ്ടു വരിക, ഇടതു ജനാധിപത്യ സഖ്യവും മുന്നണിയും കെട്ടിപ്പടുക്കുക തുടങ്ങിയ കടമകൾ ഒരേ ധാരണയോടെ ദൃഢനിശ്ചയത്തോടെ നടപ്പാക്കുന്നതിന് ഭിന്നത കാരണം കുറവ് സംഭവിച്ചു. 

വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമത്തോട് എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസം പ്രകടമായി. ഇതിന് ഏതെങ്കിലും നേതാവിന് ഉത്തരവാദിത്വമുണ്ടെന്ന് റിപ്പോ‍ർട്ടിൽ വ്യക്തമാക്കില്ല. ഒന്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇപ്പോൾ പാർട്ടി കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഈ ഭിന്നത വിഭാഗീയതയായി റിപ്പോർട്ടിൽ ചിത്രീകരിക്കില്ല. പ്രചരണങ്ങൾ സംഘടിപ്പിക്കുന്നതിലും കേന്ദ്ര നേതാക്കൾ ഇതിൽ പങ്കെടുക്കുന്നതിലും പ്ലീനം നടത്തുന്നതിലും അതേ സമയം പാർട്ടി സെൻറർ വിജയിച്ചു എന്ന കാര്യവും രേഖപ്പെടുത്തും.

click me!