
ദില്ലി: ഉന്നാവോയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കറിന്റെ മൊഴികളിൽ വൈരുധ്യമെന്ന് സിബിഐ. സെങ്കറിനെ നുണപരിശോധനയ്ക്കായി ദില്ലിയിൽ കൊണ്ടുവന്നേക്കും. അതിനിടെ സൂറത്തിൽ പതിനൊന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനേഴ്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കറിനെ കഴിഞ്ഞ ദിവസം ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.
തുടർന്ന് സിബിഐയുടെ ചോദ്യം ചെയ്യലിൽ കുൽദീപ് സിങ് സെങ്കറിന്റെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്നാണ് കുൽദീപ് സിംഗ് സെങ്കറിനെ നാർക്കോ,പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയനാക്കാൻ കോടതിയിൽ അപേക്ഷ നൽകാൻ സിബിഐ തീരുമാനിച്ചത്. ടെസ്റ്റുകൾ നടത്താൻ ദില്ലിയിൽ മാത്രം സൗകര്യമുള്ളതിനാൽ സിബിഐ സെങ്കറിനെ ദില്ലിയിലേക്ക് കൊണ്ടുവന്നേക്കും. സെങ്കറിനെ ഉന്നാവോയിലെത്തിച്ച് തെളിവെടുക്കുമെന്നും ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മുന്നിലെത്തിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. അതിനിടെ സൂറത്തിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആഴ്ച്ചകൾ കഴിഞ്ഞിട്ടും
പൊലീസ് അന്വേഷണം വഴിമുട്ടിയതോടെ കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചു. കേസിന്റെ തുടക്കത്തിൽ സൂറത്ത് പൊലീസ് വേണ്ടത്ര പരിഗണന നൽകിയില്ലെന്നും ആരോപണമുണ്ട്. പെൺകുട്ടി ഒഢീഷ സ്വദേശിയാണെന്ന പ്രാഥമിക നിഗനമത്തിൽ ഒഢീഷ സർക്കാറുമായി ആശയവിനിമം നടത്തിയെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിൻഗ് പറഞ്ഞു. അതേസമയം ഹരിയാനയിലെ റോത്തക്കിൽ 9 വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam