എംഎൽഎയുടെ പാര്‍ക്കിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ വില്ലേജ് ഓഫീസര്‍ക്കെതിരെ സിപിഎം

By Web TeamFirst Published Nov 23, 2018, 7:34 AM IST
Highlights

പി.വി അന്‍വര്‍ എംഎൽഎയുടെ പാര്‍ക്കിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ക്കെതിരെ സിപിഎമ്മിന്‍റെ ഒപ്പ് ശേഖരണം. ജനദ്രോഹ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന വ്യാജ പരാതി ഉന്നയിച്ച് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാനുള്ള ശ്രമം.
 

 

മലപ്പുറം: പി. വി അന്‍വര്‍ എംഎൽഎയുടെ പാര്‍ക്കിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ക്കെതിരെ സിപിഎമ്മിന്‍റെ ഒപ്പ് ശേഖരണം. ജനദ്രോഹ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന വ്യാജ പരാതി ഉന്നയിച്ച് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാനുള്ള ശ്രമമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

പി. വി  അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയത് കൂടരഞ്ഞി വില്ലേജ് ഓഫീസറാണ്. പരിസ്ഥിതി ദുര്‍ബല മേഖലയിലെ പാര്‍ക്ക് പൂട്ടാനുള്ള ശുപാര്‍ശയുമായി അന്വേഷണ റിപ്പോര്‍ട്ടും വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കി. പാര്‍ക്ക് പൂട്ടാനുള്ള കോടതി നിര്‍ദേശത്തിന് അടിസ്ഥാനമായതും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടാണ്. തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി വില്ലേജ് ഓഫീസര്‍ രാമചന്ദ്രന്‍ ജനവിരുദ്ധനാണെന്ന് പ്രചാരണം നടത്തി നാട്ടുകാരില്‍ നിന്ന് ഒപ്പ് ശേഖരിച്ച് റവന്യൂ വകുപ്പിന് സമര്‍പ്പിക്കാനാണ് നീക്കം.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ ക്വാറികള്‍ പാടില്ലെന് വില്ലേജ് ഓഫീസറുടെ നിലപാടും സിപിഎമ്മിനെ ചൊടിപ്പിച്ചതായാണ് സൂചന. കൊടിയത്തൂര്‍ വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യനെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ സ്ഥലം മാറ്റിയതിന് പിന്നിലും സിപിഎമ്മാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ക്വാറികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഇദ്ദേഹവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൊടിയത്തൂര്‍ വില്ലേജിലെ മിച്ചഭൂമി റീസര്‍വേ ചെയ്യണമെന്ന വില്ലേജ് ഓഫീസറുടെ നിലപാടും കൊടിയത്തൂര്‍ വില്ലേജ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന.


 

click me!