
കണ്ണൂർ: കീഴാറ്റൂർ ഭൂസമരത്തിലൂടെ പാർട്ടിയിൽ നിന്ന് അകന്ന സമരനേതാക്കളെയും അണികളെയും തിരികെ വിളിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. തെറ്റിദ്ധരിപ്പിക്കപ്പെട്ട വയൽക്കിളികളെ പാർട്ടിയിലേക്ക് തിരികെ ക്ഷണിയ്ക്കുകയാണെന്ന് പി.ജയരാജൻ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുറത്തു പോയവർക്ക് തെറ്റ് തിരുത്തി തിരികെ വരാം. വയൽക്കിളികളുടെ സമരം ഇനി മുന്നോട്ടുപോകില്ല. സമരത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു. വയലിലൂടെയുള്ള ബൈപ്പാസ് അലൈൻമെന്‍റ് മാറ്റുമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകിയ ബിജെപി മാപ്പ് പറയണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു.
കീഴാറ്റൂരിലെ അതേ ഇരട്ടത്താപ്പാണ് ബിജെപി ശബരിമലയിലും കാണിയ്ക്കുന്നതെന്ന് ജയരാജൻ ആരോപിച്ചു. കാപട്യത്തിന്‍റെ ആൾക്കൂട്ടമാണ് സംഘ്പരിവാർ. വയൽക്കിളികൾ ഇനിയെങ്കിലും അത് തിരിച്ചറിയണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു.
പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒരു ജനകീയ സമരത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് അകന്നവരെ വളരെ അപൂർവമായേ സിപിഎം പരസ്യമായി തിരികെ വിളിയ്ക്കാറുള്ളൂ. വയൽക്കിളി സമരത്തിൽ വീണ്ടും സമവായത്തിന്‍റെ പാതയിലാണ് സിപിഎമ്മിപ്പോൾ. വയലിന്‍റെ അലൈൻമെന്‍റ് മാറ്റേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം സിപിഎമ്മിന് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. പരസ്യമായി ഇനി ഒരു രാഷ്ട്രീയവിശദീകരണം പോലും വേണ്ടെന്നാണ് സിപിഎം നിലപാട്.
എന്നാൽ കീഴാറ്റൂർ വയലിലൂടെയുള്ള ബൈപ്പാസ് പദ്ധതി പൂർണമായും ഉപേക്ഷിച്ച് ബദൽപാത തേടണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്ന വയൽക്കിളികൾ സിപിഎമ്മിന്‍റെ സമവായനീക്കത്തോട് പൂർണമായും അനുകൂലമായല്ല പ്രതികരിക്കുന്നത്. പക്ഷേ, ചർച്ചകൾക്ക് വാതിൽ തുറന്നിടുന്ന പി.ജയരാജന്‍റെ നിലപാടാണ് ശരിയെന്ന് വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ പറയുന്നു.
പാർട്ടിയെന്നത് അറുത്തുമാറ്റാൻ കഴിയാത്ത ഭാഗമാണെന്ന് സുരേഷ് കീഴാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പക്ഷേ, ബൈപ്പാസ് വേണമെന്ന് സിപിഎമ്മിന്‍റെ ഉറച്ച നിലപാടിൽ നിരാശയുണ്ട്. ഒരു പ്രളയം നിങ്ങളെ ചിന്തിപ്പിച്ചില്ലെങ്കിൽ പിന്നെന്താണ് ചിന്തിപ്പിയ്ക്കുക? തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ നാലരക്കിലോമീറ്റർ ചുറ്റളവിലുള്ള തണ്ണീർത്തടമാണ് കീഴാറ്റൂരുൾപ്പടെയുള്ള വയലുകൾ. അത് സംരക്ഷിയ്ക്കണമെന്ന് സിപിഎമ്മിന് ഇനിയും തോന്നാത്തതെന്താണെന്ന് സുരേഷ് കീഴാറ്റൂർ ചോദിച്ചു.
ചർച്ചകൾക്ക് സാധ്യത തുറക്കുന്ന സിപിഎമ്മിന്‍റെ സമീപനം സ്വാഗതാർഹമാണ്. വയൽ സംരക്ഷിച്ചുകൊണ്ടുള്ള ഏത് ചർച്ചകൾക്കും തയ്യാറാണ്. - സുരേഷ് കീഴാറ്റൂർ പറയുന്നു.
കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം ഇന്നാണ് കേന്ദ്രഗതാഗതമന്ത്രാലയം പ്രസിദ്ധീകരിച്ചത്. രേഖകളുമായി ഉടമകൾ ഉടൻ ഹാജാരാകാനാണ് വിജ്ഞാപനത്തിലെ നിർദ്ദേശം. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. വയൽക്കിളികളുടെ ശക്തമായ പ്രക്ഷോഭ സമരത്തെ തുടർന്ന് ബദൽ പാത പരിഗണിക്കാൻ വരെ ആലോചിച്ച ശേഷമാണ് കേന്ദ്ര സർക്കാർ പഴയ അലൈൻമെന്റുമായി മുന്നോട്ട് പോകുന്നത്.
വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈൻമെന്‍റ് പുതുക്കണമെന്ന വയൽക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരിൽ ബദൽ പാതയുടെ സാധ്യത തേടാൻ പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഉറപ്പുകളെല്ലാം പാഴാവുകയാണ്. പഴയ അലൈൻമെന്‍റുമായിത്തന്നെ മുന്നോട്ടു പോകുമെന്ന് കേന്ദ്രഗതാഗതമന്ത്രാലയം മുന്നോട്ടുപോകുന്നതോടെ കീഴാറ്റൂരിൽ ബിജെപിയുടേത് വെറും രാഷ്ട്രീയ ലാഭം കണ്ടുള്ള സമരമായിരുന്നെന്ന് തെളിയുകയാണ്.
Read More: കീഴാറ്റൂരിൽ ബൈപ്പാസ് വയലിലൂടെ തന്നെ - പുതിയ വിജ്ഞാപനത്തിന്‍റെ വിശദാംശങ്ങളെന്തൊക്കെ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam