
ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുളള ചർച്ച ഇന്നു പൂർത്തിയാകും. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ഇന്നലെ ബംഗാൾ പ്രതിനിധികൾ വിമർശനമുന്നയിച്ചു. സിസിക്കിടെ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം വിഎസിന്റെ പദവിയും ചർച്ച ചെയ്യും.
പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാൾ ഘടകത്തിന്റെ നിലപാട് തള്ളിക്കളയുന്ന റിപ്പോർട്ടാണു പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ വച്ചത്. കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ പാർട്ടിക്കുള്ളിലെ കടുത്ത ഭിന്നത നിഴലിച്ചു നിന്നു. പിബി റിപ്പോർട്ടിനൊപ്പം ബംഗാൾ ഘടകത്തിന്റെ നിലപാടും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചു.
എന്നാൽ ബംഗാൾ ഘടകത്തിനെതിരെ കേരളം ശക്തമായി രംഗത്തെത്തി. കോൺഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും അനുവദിക്കാനാവില്ലെന്ന് കേരളം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി പാർട്ടി നേതാക്കൾ വേദി പങ്കിട്ടത് ആരുടെ തീരുമാനപ്രകാരമാണെന്നും ചോദ്യമുയർന്നു. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെയാണ് ബംഗാളിൽ നിന്നുള്ള നേതാക്കൾ ലക്ഷ്യം വച്ചത്.
കൊല്‍ക്കത്തയിൽ പാർട്ടി പ്ലീനത്തിനിടെ വാർത്താ സമ്മേളനത്തിൽ രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നു കാരാട്ട് പറഞ്ഞിരുന്നുവെന്നു മുതിർന്ന നേതാവ് ഗൗതം ദേബ് ചൂണ്ടിക്കാട്ടി. ഇതിന്റെ സിഡിയും ഗൗതം ദേബ് കൊണ്ടു വന്നു. ചർച്ച പൂർത്തിയായ ശേഷം പോളിറ്റ് ബ്യൂറോ യോഗം ചേരും.
പിബിയിൽ വിഎസിന്റെ പദവിയും ചർച്ചയ്ക്കു വന്നേക്കും. വിഎസുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സീതാറാം യെച്ചൂരി അറിയിക്കും. ആലങ്കാരിക പദവികൾ വേണ്ടെന്ന അഭിപ്രായമാണ് ഇന്നലെ വിഎസ് യെച്ചൂരിയെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam