
ദില്ലി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും കൊലപാതകത്തെ സിപിഎം കേന്ദ്രനേതൃത്വം അപലപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് പാർട്ടി എതിരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
പെരിയയിൽ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും, മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. അക്രമികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സിപിഎം പ്രവർത്തകർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടി നടപടികൾ ഉറപ്പാണെന്നും കോടിയേരി പറഞ്ഞിരുന്നു.
കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടി നേരിട്ടുവെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ട് മേഖലാ ജാഥകളിലായി പ്രധാനപ്പെട്ട രണ്ട് നേതാക്കൾ കേരളം മുഴുവൻ സഞ്ചരിച്ച് എതിരാളികൾക്കെതിരെ വലിയ രാഷ്ട്രീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പെരിയയിലെ ഇരട്ടക്കൊല നടക്കുന്നത്. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ജാഥകൾ ഒരു ദിവസത്തേക്ക് നിർത്തിവയ്ക്കേണ്ടിവന്നതും രാഷ്ട്രീയമായി പാർട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam