അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ വഴിത്തിരിവ്; കെഎം ഷാജിയുടെ അയോഗ്യതക്ക് കാരണമായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്ന് ആരോപണം

By Web TeamFirst Published Dec 13, 2018, 12:41 PM IST
Highlights

അഴീക്കോട് എംഎൽഎ കെ എം  ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖ പോലീസ് കണ്ടെടുത്തതല്ല സിപിഎം നേതാവ് ഹാജരാക്കിയതെന്ന് വാദം.

കൊച്ചി: അഴീക്കോട് മണ്ഡലം എംഎൽഎ ആയിരുന്ന കെഎം ഷാജിയെ അയോഗ്യനാകാൻ ഇടയായ നോട്ടീസ് പോലീസ് കണ്ടെടുത്തതല്ലെന്ന് രേഖകൾ. വളപട്ടണം പോലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുള്ളത്. ഹൈക്കോടതിയിൽ തെറ്റായ മൊഴി നൽകിയ വളപട്ടണം എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎം ഷാജി ഹൈക്കോടതിയെ സമീപിച്ചു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. കേസിൽ സാക്ഷി വിസ്താര വേളയിൽ ലഘുലേഖ പിടിച്ചത് വളപട്ടണത്തെ കോൺഗ്രസ് പ്രവർത്തകയും പ‌ഞ്ചായത്ത് പ്രസിഡന്‍റുമായ എൻ പി മനോരമയുടെ വീട്ടിൽ നിന്നാണെന്നായിരുന്നു എസ്ഐ നൽകിയ മൊഴി. ഈ മൊഴി കൂടി പരിഗണിച്ചായിരുന്നു കെഎം ഷാജിയെ ജസ്റ്റിസ് പിഡി രാജൻ അയോഗ്യനാക്കിയത്. എന്നാൽ ഇത് തെറ്റാണെന്ന് കെഎം ഷാജി ഹൈക്കോടതിയിൽ നൽകിയ ഹ‍ർജിയിൽ വ്യക്തമാക്കുന്നത്. 

വളപട്ടണം പോലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സിസിർ മഹസറില്‍ 2016 മെയ് പന്ത്രണ്ടിന് വൈകിട്ട് അ‌ഞ്ച് മണിക്ക് നൽകിയ സീസർ മഹസറിൽ മതസ്പ‍ർദ്ധയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ലഘുലേഖ കിട്ടിയെന്ന് പോലീസ് പറയുന്നില്ല. എസ് ഐ ശ്രീജിത് കൊടേരി തന്നെയാണ് ഈ റിപ്പോർട്ടിൽ ഒപ്പിട്ടിരിക്കുന്നത്. അടുത്ത ദിവസം സിപിഎം നേതാവ് അബ്ദുൾ നാസറിന്‍റെ പരാതയിൽ കേസെടുത്ത് കോടതിയിൽ നൽകിയ റിപ്പോർ‍ട്ടിലാണ് മതസ്ർദ്ധയുണ്ടാക്കുന്ന ലഘുലേഖയുണ്ടെന്ന് വ്യക്തമാക്കുന്നത്. ലഘുലേഖ കണ്ടെടുത്തത് അബ്ദുൾ നാസറിന്‍റെ കൈയ്യിൽ നിന്നാണ്. 

വസ്തുത ഇതായിരിക്കെ എസ്ഐ ശ്രീജിത് കൊടേരി ഹൈക്കോടതിയെ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെഎം ഷാജിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്ഐക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം. ഹ‍ർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

click me!