
കണ്ണൂര്‍: ജിഷ്ണു കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് വിമർശനമുന്നയിച്ച കുടുംബം വീണ്ടും സിപിഎമ്മിനോടടുക്കുന്നു. ജിഷ്ണുവിന്‍റെ ജന്മനാടായ വളയത്ത് സിപിഎം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ അച്ഛൻ അശോകൻ പങ്കെടുത്തു. ജിഷ്ണുവിന്‍റേത് പാർട്ടി കുടുംബമാണെന്നും എക്കാലത്തും സിപിഎമ്മിനൊപ്പം നിൽക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.
ജിഷ്ണു കേസന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം അമ്മ മഹിജ സർക്കാരിനെതിരെ പ്രത്യക്ഷ സമരം നടത്തിയിരുന്നു. തുടർന്ന് കേസന്വേഷണം ഫലപ്രദമായി നടത്തുമെന്ന് സർക്കാർ ഉത്തരവിട്ടെങ്കിലും പിന്നാലെ കേസിൽ സജീവമായി നിന്ന് ജിഷ്ണുവിന്‍റെ ബന്ധു കൂടിയായ ശ്രീജിത്തിനെതിരെ പാർട്ടി നടപടി എടുത്തിരുന്നു. ശ്രീജിത്തിനെതിരെ എടുത്ത നടപടി അടക്കം വിശദീകരിക്കുന്നതിനായി കഴിഞ്ഞ ചരമ വാർഷിക ദിനത്തിൽ സിപിഎം വളയത്ത് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു.
എന്നാൽ പ്രസ്തുത പരിപാടിയിൽ ജിഷ്ണുവിന്‍റെ ബന്ധുക്കൾ പങ്കെടുത്തില്ല. എന്നാൽ ഇക്കുറി ജിഷ്ണുവിന്‍റെ അച്ഛൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. കുടുംബം പാർട്ടിക്കൊപ്പം തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു . സിബിഐ അന്വേഷണത്തിൽ പൂർണ തൃപ്തനാണെന്ന് ജിഷ്ണുവിന്‍റെ അച്ഛൻ അശോകൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam