
ദില്ലി: സാമ്പത്തിക ബുദ്ധിമുട്ടുകാരണം പശ്ചിമബംഗാളിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് 15,000 രൂപക്ക് വാടകക്ക് നൽകി. ഇതിനുള്ള വാടക കരാര്‍ ഒപ്പുവെച്ചു. വൈദ്യുതി ബില്ല് അടക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നതോടെയാണ് സ്വകാര്യ വ്യക്തിക്ക് പാര്‍ട്ടി ഓഫീസ് വാടകക്ക് നൽകിയത്.
പശ്ചിമബംഗാളിൽ സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്ന പൂര്‍വ്വ ബര്‍ദമാൻ ജില്ലയിലെ മൂന്ന് നിലയിലുള്ള ലോക്കൽ കമ്മിറ്റി ഓഫീസാണ് സാമ്പത്തിക ബുദ്ധിമുട്ടുകാരണം സ്വകാര്യവ്യക്തിക്ക് വാടകക്ക് നൽകിയത്. 1999ൽ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചായിരുന്നു പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചത്. സിംഗൂര്‍, നന്തിഗ്രാം സംഭവങ്ങൾക്ക് പിന്നാലെ 2011ൽ പാര്‍ടിക്ക് അധികാരം നഷ്ടമായതോടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു.
അടിത്തറ മെച്ചപ്പെടുത്താൻ ഏഴുവര്‍ഷം പിന്നിടുമ്പോഴും സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇതോടെ ലോക്കൽ-ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങൾ ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ്. ജനങ്ങളിൽ നിന്ന് നേരത്തെ കിട്ടിക്കൊണ്ടിരുന്ന സംഭാവനങ്ങൾ നിലച്ചു. വൈദ്യുതി ബില്ലുപോലും അടക്കാൻ സാധിക്കാത്ത ഗതികേടിലാണ് ഇപ്പോൾ പൂര്‍വ്വ ബര്‍ദ്വാൻ ജില്ലയിലെ ലോക്കൽ കമ്മിറ്റി ഓഫീസ് 15,000 രൂപക്ക് വാടകക്ക് നൽകാൻ തീരുമാനിച്ചത്. കോച്ചിംഗ് സെന്‍ററിനായി കെട്ടിടം നൽകാൻ തീരുമാനിച്ച് വാടക കരാര്‍ ഒപ്പുവെക്കുകയും ചെയ്തു.
പാര്‍ടി ഓഫീസിൽ ഉണ്ടായിരുന്ന മാര്‍ക്സിന്‍റെയും ലെനിനിന്‍റെയും ഏംഗൽസിന്‍റെയും ജ്യോതിബസുവിന്‍റേയുമൊക്കെ ചിത്രങ്ങൾ എടുത്തുമാറ്റി. പാര്‍ടി ഓഫീസ് വാടകക്ക് നൽകാൻ ജില്ലാ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് പൂര്‍വ്വ ബര്‍ദമാൻ ജില്ലാ സെക്രട്ടറി നാരായണ്‍ ചന്ദ്രഘോഷ് പറഞ്ഞു. 2011വരെ പൂര്‍വ്വ ബര്‍ദ്വാൻ ജില്ലയിലെ 15 നിയമസഭാ സീറ്റും സിപിഎമ്മിന്‍റേതായിരുന്നു. ഇന്ന് ഇത് ഒരു സീറ്റ് മാത്രമായി കുറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ കെട്ടിടം വാടകക്ക് നൽകുകയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു വഴിയും കണ്ടില്ലെന്നാണ് ഇതേകുറിച്ച് ബംഗാളിലെ സംസ്ഥാന നേതാക്കൾ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam