വി എസിന്റെ പദവി: ഇന്നു പിബി തീരുമാനിക്കും

By Web DeskFirst Published May 30, 2016, 12:58 AM IST
Highlights

വിഎസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കോടയെുള്ള ഉപദേശക പദവി, എല്‍ ഡി എഫ് ചെയര്‍മാന്‍ സ്ഥാനം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം എന്നീ മൂന്നു കാര്യങ്ങളാവും പി ബി ചര്‍ച്ച ചെയ്യുക. ഇതില്‍ കാബിനറ്റ് റാങ്കിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ല. വിഎസ് നല്കിയ കുറിപ്പ് സീതാറാം യെച്ചൂരി പിബിയില്‍ വച്ചു. കുറിപ്പ് നല്കിയ രീതിക്കെതിരെ സംസ്ഥാന ഘടകം വിമര്‍ശനം ഉന്നയിച്ചേക്കും.  വിഎസിന് മാന്യമായ സ്ഥാനം നല്കണം എന്ന അഭിപ്രായം സിപിഐ നേതാക്കളും സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. വിഎസിനെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശത്തോട് യോജിപ്പില്ല എന്ന സൂചനയാണ് സംസ്ഥാന നേതാക്കള്‍ നല്കുന്നത്.  പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇന്നലെ പ്രധാന ചര്‍ച്ചാ വിഷയമായത് പശ്ചിമ ബംഗാളിലെ തോല്‍വിയാണ്. പശ്ചിമബംഗാളിലെ തോല്‍വിയില്‍ സംസ്ഥാന ഘടകവും പ്രചരണം നയിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വീഴ്ച വരുത്തി എന്ന വിമര്‍ശനം പിബിയില്‍ ഉയര്‍ന്നു. പശ്ചി മബംഗാള്‍ നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് പി ബിയില്‍ വച്ചു. കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി ന്യായീകരിച്ചു കൊണ്ടാണ് ബംഗാള്‍ നേതാക്കള്‍ സംസാരിച്ചത്. ആരും ജനറല്‍ സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടില്ല. ഇന്നു രാവിലെ ഇക്കാര്യത്തില്‍ ചര്‍ച്ച പൂര്‍ത്തിയായ ശേഷമാകും കേരളത്തിലെ കാര്യങ്ങള്‍ പിബി പരിഗണിക്കുക.

click me!