
തിരുവനന്തപുരം: പ്രോ ബിജെപി നയമാണ് സിപിഎമ്മിന്‍റെതെന്ന് വി എം സുധീരൻ. ബിജെപി ശക്തിപ്പെട്ടാലും വേണ്ടില്ല കോൺഗ്രസ് തകരണമെന്നാണ് സിപിഎം കരുതുന്നത്. ജനസംഘവുമായി കൂട്ടുപിടിച്ചാണ് പിണറായി കൂത്തുപറമ്പിൽ വിജയിച്ചതെന്നും വി എം സുധീരന്‍ ആരോപിച്ചു. ഇഷ്ടമില്ലാത്തവരെ കമ്മ്യൂണിസ്റ്റാക്കുന്ന പഴയ ജന്മിമാരുടെ ശൈലിയിൽ ഇഷ്ടമില്ലാത്തവരെ ആർഎസ്എസ് ആക്കുകയാണ് പുതിയ കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതെന്നും വി എം സുധീരന്‍ ആരോപിച്ചു.
വനിതാ മതിൽ കേരളത്തെ വർഗീയമായി വിഭജിക്കുന്നതാണ്. മതേതര കേരളത്തെ നശിപ്പിക്കുന്ന മതിലാണിത്. സുഗതനെ പോലെയൊരാളെ സംഘാടകനാക്കുക വഴി പിണറായി ഗുരുനിന്ദ നടത്തിയെന്നും സുധീരന്‍ പറഞ്ഞു. അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളിയെന്ന് വി എം സുധീരൻ ആരോപിച്ചു.
വെള്ളാപ്പള്ളിയെ മഹത്വവത്കരിക്കുന്നത് പിണറായിയുടേയും കോടിയേരിയുടെയും അവസരവാദമാണ്. അന്ധമായ കോൺഗ്രസ് വിരോധമാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും നിയക്കുന്നത്. സുപ്രീം കോടതിയുടെ എല്ലാ വിധികളും ശരിയല്ലെന്നും സുപ്രിം കോടതിക്കും തെറ്റ് പറ്റാമെന്നും വി.എം.സുധീരൻ പറഞ്ഞു.
ജനാധിപത്യ മുന്നണിയെ നയിക്കാൻ പ്രാപ്തനാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു. എന്നാല്‍ താന്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വി എം സുധീരൻ പറഞ്ഞു. 25 വർഷമായി തുടരുന്ന പാർലമെന്ററി ജീവിതത്തില്‍ സന്തോഷമുണ്ടെന്നും സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിന്ന് മറ്റുള്ളവർ മാറിനിൽകണമെന്ന് ഞാൻ പറയില്ല. അത് അവരുടെ ഔചിത്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam