കോൺഗ്രസ് ബന്ധം; സിപിഎം പിബിയിൽ ഇന്നും ചർച്ച തുടരും

By Web DeskFirst Published Dec 10, 2017, 6:51 AM IST
Highlights

കോൺഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎം പോളിറ്റ് ബ്യൂറോയിൽ ഇന്നും ചർച്ച തുടരും. സീതാറാം യച്ചൂരി തയ്യാറാക്കിയ രാഷ്ട്രീയ രേഖ അംഗീകരിക്കാനാകില്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം വ്യക്തമാക്കി. പ്രകാശ് കാരാട്ടിന്റെ ബദൽ രേഖയും പിബിയിൽ ചര്‍ച്ചയായി.

ബി ജെ പി യെ നേരിടാൻ  കോൺഗ്രസുമായി സഹകരണം വേണോ എന്നതിൽ സിപിഎമ്മിൽ സീതാറാം യെച്ചൂരി-പ്രകാശ് കാരാട്ട് വിഭാഗങ്ങൾ തമ്മിൽ തര്‍ക്കം തുടരുകയാണ്. ബൂർഷ്യാ പാർട്ടികളുമായി സഖുമോ മുന്നണിയോ വേണ്ടന്നും എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുപ്പ് അടവുനയം സ്വീകരിക്കണമെന്നുമായിരുന്നു യെച്ചൂരി മുന്നോട്ടുവെച്ച രേഖ നിര്‍ദ്ദേശിച്ചത്. 

കോൺഗ്രസുമായി സഖ്യമില്ലെങ്കിൽ സഹകരണമെങ്കിലും വേണമെന്ന് ബംഗാളിലെ നേതാക്കളും ചർച്ചയിൽ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസുമായി ധാരണ പോലും പാടില്ലെന്നാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ച ബദൽ രേഖയിൽ ഉള്ളത്.  ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കാരാട്ട് വിഭാഗം യോഗത്തിൽ വ്യക്തമാക്കി. ഇതോടെയാണ് സമവായത്തിനുള്ള സാധ്യതകൾ മങ്ങിയത്. പിബി യോഗത്തിനിടെ സീതാറാം യച്ചൂരി ബംഗാളിൽ നിന്നുള്ള നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. പിബിയിൽ ഇനി  യച്ചൂരിയും കാരാട്ടും വീണ്ടും അവരവരുടെ രേഖകളെക്കുറിച്ച് സംസാരിക്കും. 

തർക്കം പരിഹരിക്കാനാകുന്നില്ലെങ്കിൽ ഭൂരിപക്ഷം പേർ പിന്തുണക്കുന്ന രേഖ പിബിയുടെ രേഖയായി കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിക്കും. ആദ്യ ദിവസത്തെ ചർച്ചയനുസരിച്ച് കാരാട്ട് അവതരിപ്പിച്ച രേഖ പിബി രേഖയാകാനാണ് സാധ്യത. യച്ചൂരിയുടെ രേഖ പിബി തള്ളിയാൽ അത് ബദൽ രേഖയായി കേന്ദ്ര കമ്മറ്റിയിലെത്തും. 

click me!