ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നടപടി ശക്തമാക്കി. ടെഹ്‌റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടന്നു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തെന്നും 48 ഉന്നത നേതാക്കളെ വധിച്ചെന്നും അമേരിക്ക അവകാശപ്പെട്ടു.
ടെഹ്റാൻ: ഇറാനിലെ വടക്കൻ ടെഹ്‌റാനിലെ ഗാന്ധി ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാനെതിരായ യുഎസ് - ഇസ്രയേൽ സംയുക്ത സൈനിക നടപടിയുടെ രണ്ടാം ദിവസമാണ് സംഭവം. ഇറാന്‍റെ വാർത്താ ഏജൻസിയായ ഐഎസ്എൻഎ യാണ് ഇക്കാര്യം അറിയിച്ചത്. 'സയണിസ്റ്റ് - അമേരിക്കൻ വ്യോമാക്രമണം' ഗാന്ധി സ്ട്രീറ്റിലെ ആശുപത്രി ആക്രമിച്ചെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഫാർസ്, മിസാൻ എന്നീ വാർത്താ ഏജൻസികൾ ആശുപത്രിക്കുള്ളിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടു. ആക്രമണത്തിന് തെളിവായി വീൽചെയറുകൾക്ക് സമീപം തറയിൽ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ ദൃശ്യമാണ് പുറത്തുവിട്ടത്. പിന്നാലെ രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. ഞായറാഴ്ച രാത്രിയും നീണ്ടുനിന്ന ഓപ്പറേഷന്‍റെ ഭാഗമായിരുന്നു ഈ ആക്രമണങ്ങൾ. ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇറാൻ തലസ്ഥാനമായ ടെഹ്റാന്‍റെ മധ്യഭാഗം ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്‍റെ ആക്രമണം. 100 യുദ്ധവിമാനങ്ങൾ ഒരേസമയം ടെഹ്‌റാനിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അവകാശപ്പെട്ടു. ഇതിന് മറുപടിയായി ഇസ്രയേലിലും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളുമെല്ലാം ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തു.
അതേസമയം ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്‍റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്‍റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഇസ്രയേലുമായി ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ഉൾപ്പെടെയുള്ള ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതായതായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ അതിരൂക്ഷമായ ഈ സംഘർഷത്തിനിടയിലും സമാധാനത്തിന്റെ സൂചനകൾ ട്രംപ് പുറത്തുവിട്ടു. ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് ട്രംപ് നൽകിയ സൂചന.


