സിപിഎം  രാഷ്ട്രീയപ്രമേയത്തിൽ ഇന്ന് തീരുമാനം; വോട്ടെടുപ്പ് ഉണ്ടായേക്കും?

By Web DeskFirst Published Apr 20, 2018, 6:10 AM IST
Highlights
  • സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് വോട്ടെടുപ്പ്?

  • രഹസ്യ ബാലറ്റ് വേണം എന്നയാവശ്യം ശക്തം

  • കൂടുതൽ സംസ്ഥാന ഘടകങ്ങൾ യെച്ചൂരിക്കൊപ്പം

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ  കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതൽ സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയെ പിന്തുണച്ചെങ്കിലും പ്രതിനിധികൾക്കിടയിലെ മേൽക്കൈ പ്രകാശ് കാരാട്ടിന് തന്നെയാണ്.

   സിപിഎമ്മിന് ഇന്ന് നിർണ്ണായക ദിനം.  കരടു രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഉച്ചയോടെ പുർത്തിയാവും. പിന്നീട് മറുപടി തയ്യാറാക്കാൻ സ്റ്റിയറിംഗ് കമ്മിറ്റിയായി പ്രവർത്തിക്കുന്ന പോളിറ്റ് ബ്യൂറോ ചേരും. പ്രകാശ് കാരാട്ടിൻറെ മറുപടിക്കു ശേഷം സീതാറാം യെച്ചൂരിയും മറുപടി പറയാനുള്ള അവസരം വേണമെന്ന് സ്ററിയറിംഗ് കമ്മിറ്റിയിൽ ആവശ്യപ്പെടും. കരടിൽ ഒരു മാറ്റവുമില്ല എന്നതാണ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെങ്കിൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും. 

വോട്ടെടുപ്പ് എങ്ങനെ വേണം എന്നതിലും പാർട്ടിയിൽ തർക്കം പ്രകടമാണ്. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്ന് അഞ്ച് സംസ്ഥാന ഘടകങ്ങൾ ഇന്നലെ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഭരണഘടനയിലെ പതിനാലാം വകുപ്പ് പ്രകാരം കേന്ദ്ര കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ തർക്കം വന്നാൽ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്നാണ് ചട്ടം. കേന്ദ്രകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ചട്ടം മാത്രമാണിതെന്ന് കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ എല്ലാ വോട്ടെടുപ്പിനും ഇത് ബാധകമാക്കാം എന്ന വാദം എതിർപക്ഷം ഉന്നയിക്കും. 

 കൈ ഉയർത്തിയാണ് വോട്ടെടുപ്പെങ്കിൽ ഓരോ വശത്തും ഇരിക്കുന്നവരെ ബ്ളോക്കുകളായി തിരിച്ച് നിലപാട് പ്രകടിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ നേതൃത്വം ശ്രമിക്കണം എന്ന നിലപാട് കേരളത്തിലെ അംഗങ്ങളും പങ്കു വയക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുകയും ഫലം എതിരാവുകയും ചെയ്താൽ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയേക്കും. 

ഇന്നലെ ചർച്ചയിൽ ഒന്‍പത് സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയേയും എട്ട് ഘടകങ്ങൾ കാരാട്ടിനേയും പിന്തുണച്ചു. പശ്ചിമബംഗാളിലും എതിർസ്വരമുണ്ടെന്ന് വ്യക്തമാക്കി ഒരംഗം കാരാട്ടിനെ പിന്തുണച്ചു. സംഘടനാ റിപ്പോർട്ട് ഇന്ന് രാത്രി എട്ടു മണിക്ക് അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ നടത്തിൽ വോട്ടിംഗിലേക്ക് കാര്യങ്ങൾ പോകുകയാണെങ്കിൽ സംഘടനാ റിപ്പോർട്ട് അവതരണം നാളത്തേക്ക് മാറ്റും.

click me!