
ദില്ലി: സിപിഐയെ ഒഴിവാക്കി ഇടത് ഐക്യമില്ലെന്ന് വ്യക്തമാക്കുന്ന സംഘടനാ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിനായി സിപിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാർട്ടി കേന്ദ്ര നേതൃത്വത്തിലും അച്ചടക്ക ലംഘനമുണ്ടെന്ന ഗൗരവമേറിയ പരാമർശവും സിപിഐയെ ഒഴിവാക്കി ഇടതു ഐക്യമില്ലെന്ന നിലപാടും റിപ്പോർട്ടിലുണ്ട്.
ഇടതു ഐക്യം വിപുലപ്പെടുത്തുന്നതിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് വിലയിരുത്തിയിരുന്നു. നേരത്തെ നാലു ഇടതു പാർട്ടികളാണ് ദേശീയ തലത്തിൽ ഒന്നിച്ചുണ്ടായിരുന്നത്. ഇപ്പോൾ അത് ആറായിരിക്കുന്നു. എന്നാൽ ഇടതു ഐക്യം ശക്തിപ്പെടുത്തുന്നതിൽ ചില പ്രശ്നങ്ങൾ ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിനു ശേഷം ഉണ്ടായി.
കേരളത്തിലെ ആർഎസ്പി യൂണിറ്റ് യുഡിഎഫിൽ ചേർന്നു. 2016 തെരഞ്ഞെടുപ്പിന് തൊട്ടു മുന്പ് ഫോർവേഡ് ബ്ളോക്കും യുഡിഎഫിലേക്ക് പോയി. 2017 ഏപ്രിലിലെ ഒരു യോഗത്തിൽ സിപിഐ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അവരുടെ വിലയിരുത്തൽ കുറിപ്പായി നല്‍കി. കോൺഗ്രസ് ഉൾപ്പടെ എല്ലാ മതേതര, ജനാധിപത്യ പാർട്ടികളുടെയും ഒരു മുന്നണിയാണ് അവർ നിർദ്ദേശിച്ചത്. സിപിഐയോട് വിയോജിച്ചും പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയും ഇതിന് മറുപടി നല്‍കി.
ഈ ഭിന്നത യോജിച്ചുള്ള പ്രവർത്തനത്തെ ബാധിച്ചു. ഏകാധിപത്യ വർഗ്ഗീയ സ്വഭാവമുള്ള ഹിന്ദുത്വ ഭരണം ഉയർത്തുന്ന അപകടത്തിനെതിരെ ഇടതു ഐക്യം കാത്തുസൂക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ഇതിന് എല്ലാ ഇടതു പാർട്ടികളുമായി രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെട്ട് പൊതുവായ നിലപാടിലേക്ക് വരണം. തെലങ്കാനയിൽ സാമൂഹ്യവിഷയങ്ങളിൽ പൊതു വേദി രൂപീകരിച്ച് ബദൽ രാഷ്ട്രീയം മുന്നോട്ടു വയ്ക്കാനുള്ള ശ്രമം ഉണ്ടായി. എന്നാൽ സിപിഐയേയും മറ്റു ചില ഇടതുകക്ഷികളേയും ഇതിൽ ഉൾക്കൊള്ളിച്ചില്ല. ഇവരില്ലാതെ ഇടതു ജനാധിപത്യമുന്നണിയുടെ മർമ്മസ്ഥാനമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
21 ആം പാർട്ടി കോൺഗ്രസിനു ശേഷമുള്ള ആറു മാസത്തിനുള്ളില്‍ സംഘടനാ പ്ളീനം നടത്താന്‍ പാർട്ടി കോൺഗ്രസ് നിശ്ചയിച്ചിരുന്നു. ഇത് സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് നേട്ടമായി. പിന്നീട് ആറു മാസം കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വിനിയോഗിച്ചതിനാല്‍ ഈ കാലയളവിൽ തീരുമാനിച്ച പലതും നടപ്പാക്കാൻ കഴിഞ്ഞില്ല.
പ്ളീനം റിപ്പോർട്ട് ഓരോ പിബി അംഗത്തിൻറെയും പ്രവർത്തനം വിലയിരുത്താൻ നിർദ്ദേശം നല്‍കിയിരുന്നു. ഇതേ തുടർന്ന് എല്ലാ പിബി അംഗങ്ങളും അവരുടെ പ്രവർത്തനം വിശദീകരിച്ചു നല്‍കിയ കുറിപ്പിൻറെ അടിസ്ഥാനത്തിൽ വിലയിരുത്തൽ നടന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, വൃന്ദ കാരാട്ട്, എം എ ബേബി, എ കെ പത്മനാഭൻ, ഹനൻ മൊള്ള, സുഭാഷിണി അലി, ബിവി രാഘവലു എന്നിങ്ങനെ ഒമ്പത് പിബി അംഗങ്ങളാണ് പാർട്ടി സെന്‍ററിൽ പ്രവർത്തിക്കുന്നത്.
പ്ലീനത്തില്‍ മുന്നോട്ട് വച്ച് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിലെ പുരോഗതി പിബി വിലയിരുത്തിയതും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനറൽ സെക്രട്ടറിയുടെയും പിബി അംഗങ്ങളുടെയും മുൻഗണനാ ദൗത്യങ്ങൾ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിൽ ചില കുറവുകൾ തുടരുന്നുണ്ട്.
സംസ്ഥാന കമ്മിറ്റികളിൽ പങ്കെടുക്കുന്ന പിബി അംഗങ്ങളുടെയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും റിപ്പോർട്ടുകൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. രണ്ടാഴ്ചയിലൊരിക്കൽ വിശദമായ അവയിലബിൾ പിബി യോഗം ചേരണം എന്ന നിർദ്ദേശം എട്ടു മാസം മുന്നോട്ടു പോയി. പിന്നീട് ഉപേക്ഷിക്കപ്പെട്ടു. 21-ാം കോൺഗ്രസിലെ രാഷ്ട്രീയ ലൈൻ നടപ്പാക്കുന്നതിൽ വൻ ഭിന്നത പ്രകടമായി. ജനറൽ സെക്രട്ടറിയിലും അംഗങ്ങളിലും ഭിന്നത ദൃശ്യമായി. ഇതി രാഷ്ട്രീയ സംഘടനാ ഇടപെടലുകൾക്ക് തടസ്സമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉൾപാർട്ടി ചർച്ചകൾ മാധ്യമങ്ങൾക്ക് ചോരുകയോ മാധ്യമങ്ങൾക്ക് പറഞ്ഞു കൊടുക്കുകയോ ചെയ്യുന്ന പ്രവണത പാർട്ടി സെൻററിൽ കൂടി വരുന്നുണ്ട്. ആസൂത്രിതമായ ചോർത്തലുണ്ടെന്നാണ് ഇതേക്കറിച്ച് അന്വേഷിച്ച ബിവി രാഘവലു കമ്മീഷൻ കണ്ടെത്തിയത്. ഇത് തടയാൻ ആയിട്ടില്ല. ഗുരുതരമായ ഈ അച്ചടക്ക ലംഘനം തടയാൻ പാർട്ടി കേന്ദ്രത്തിലെ പിബി അംഗങ്ങൾ മുൻകൈയ്യെടുക്കണമെന്നും റിപ്പോര്‍ട്ട്. പിബി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്രീകൃത ജനാധിപത്യ ശൈലിയിൽ ഉറച്ചു നിന്ന് നിയന്ത്രണമില്ലാത്ത സംസാരം ഒഴിവാക്കി മാതൃക കാട്ടണമെന്നും വിലയിരുത്തല്‍.
വിവിധ സംസ്ഥാനങ്ങളിലെ സമരങ്ങൾ ഒന്നിടവിട്ടുള്ള കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തണമെന്ന നിർദ്ദേശം നടപ്പാക്കാനായിട്ടില്ല. ഇത് ഭാവിയിൽ ഉറപ്പു വരുത്തണം. കിസാൻ മുന്നണിയിലെ പ്രവർത്തനം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഇതിനായി പ്ളീനം തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ച് മാർഗ്ഗരേഖയും തയ്യാറാക്കി. യുവരംഗത്തെ പ്രവർത്തനത്തെക്കുറിച്ച് കേന്ദ്ര കമ്മിറ്റി രേഖ ചർച്ച ചെയ്ത് അംഗീകരിച്ചു. എന്നാൽ മറ്റു ബഹുജന സംഘടനകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിലയിരുത്തലുണ്ടായില്ല.
കേന്ദ്രകമ്മിറ്റി അംഗങ്ങൾ വരുമാന കണക്ക് എല്ലാ വർഷവും നല്‍കാറുണ്ട്. ചില കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇതു നല്‍കുന്നില്ല. ഈ കണക്കുകളുടെ പരിശോധനയും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam