പി ജയരാജനെതിരെ സിപിഎം സംസ്ഥാനസമിതിയുടെ പ്രമേയം

By Web DeskFirst Published Nov 12, 2017, 11:48 PM IST
Highlights

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടിക്കതീതനകാന്‍ ശ്രമിക്കുന്നു എന്ന് നേതൃത്വത്തിന്റെ വിമര്‍ശമനം. സ്വയം മഹത്വവത്കരിക്കാന്‍ പി ജയരാജന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കണ്ണൂരിലെ പാര്‍ട്ടി ഘടകങ്ങളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

ജില്ലാ സെക്രട്ടറിയായ പി ജയരാജനെതിരെ സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ പടയൊരുക്കം. പാര്‍ട്ടി നയങ്ങളില്‍ നിന്ന് മാറിയാണ് പലപ്പോഴും ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തനമെന്ന പരാതി സിപിഎം സംസ്ഥാന നേതൃത്വത്തിന് കിട്ടിയത് കണ്ണൂരില്‍ നിന്ന് തന്നെയാണ്. ശ്രീകൃഷ്ണ ജയന്തി സംഘാടനത്തിലടക്കം പി ജയരാജന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. സ്വയം മഹത്വവത്കരിക്കാന്‍ ജീവിതരേഖയും നൃത്തശില്‍പവുമുണ്ടാക്കിയെന്നും സംഗീത ആല്‍ബം പുറത്തിറക്കിയെന്നും വിമര്‍ശനം. പലതും പാര്‍ട്ടിക്ക് നിരക്കുന്നതല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പിജയരാജനെതിരെ നടപടി വന്നത്. കണ്ണൂരിലെ പാര്‍ട്ടിക്ക് മാത്രം സ്വന്തം നിലയ്ക്ക് പോകാനാകില്ല. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനാകണം. അതല്ലാതെ ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. കണ്ണൂരിലെ പാര്‍ട്ടി ഘടകങ്ങളിലെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനമുണ്ട്. പാര്‍ട്ടി എന്തിനാണ് ഇത്തരമൊരു നടപടി എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. പ്രതിഷേധമറിയിച്ച ജയരാജന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പാര്‍ട്ടി സമ്മേളനകാലത്ത് പ്രാദേശിക ഘടകങ്ങളിലെല്ലാം നടപടി റിപ്പോര്‍ട്ട് ചെയ്യുന്നത് പിജയരാജനെ സംബന്ധിച്ചിടത്തോളം ക്ഷീണമാണ്.

click me!