ജി സുധാകരൻ പാർട്ടി ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിതനായ സാഹചര്യത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സുധാകരനെപ്പോലൊരു മുതിർന്ന നേതാവിനെ ചേർത്തുനിർത്താൻ കഴിയാത്തത് മാനുഷിക മൂല്യങ്ങളുടെ തകർച്ചയാണെന്നും ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ട: ജി സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൽ തനിക്ക് ഏറ്റവും ബഹുമാനം ഉള്ള രാഷ്ട്രീയ നേതാക്കളിൽ മുൻപന്തിയിൽ ആണ് ജി സുധാകരൻ സഖാവിന്‍റെ സ്ഥാനം. ഉത്തമനായ കമ്മ്യൂണിസ്റ്റ്, അഴിമതി കറ പുരളാത്ത പൊതു പ്രവർത്തകൻ, മികച്ച മന്ത്രി, നല്ല വായനയും അറിവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ഉള്ള നേതാവ്, ലാളിത്യം ഉൾപ്പെടെ ഇടതുപക്ഷ മൂല്യങ്ങൾ കെടാതെ സൂക്ഷിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾ. ..ഈ കാര്യങ്ങളിൽ ശത്രുക്കൾ പോലും മറിച്ച് ഒരു അഭിപ്രായം പറയാത്ത ആൾ! അദ്ദേഹവും തന്റെ 63 വർഷം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിതനായിരിക്കുന്നു.
ഇടതുപക്ഷത്തിന്റെ വലതുവൽക്കരണത്തെ കുറിച്ചും സമ്പത്തിന്‍റെ അമിത സ്വാധീനത്തെ പറ്റിയും ഏറ്റവും അടുത്തകാലത്ത് എടുക്കുന്ന വർഗീയ സന്ധിയേ കുറിച്ചും ഒക്കെ ചോദ്യങ്ങൾഉയർത്തുന്നവരെ പ്രത്യാക്രമണം വഴിയും സൈബർ ആക്രമണം വഴിയും പരിഹാസം വഴിയും നേരിടുന്ന സമീപനം ഇടതുപക്ഷത്തിന് എത്രനാൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഗീവർഗീസ് മാർ കൂറിലോസ് ചോദിച്ചു.
ഇടതുപക്ഷത്ത് നിന്ന് ഇടതു പക്ഷത്തിന്‍റെ അപചയത്തെ വിമർശിക്കുന്നവർക്കാണ് അപചയം എന്നുള്ള രീതിയിലുള്ള പ്രതികരനങ്ങൾകൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും? സാധിക്കില്ല എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് സഖാവ് സുധാകരൻ. ബാക്കി എല്ലാ വിഷയങ്ങളും അങ്ങനെ നിൽക്കട്ടെ, 60 വർഷക്കാലം പ്രസ്ഥാനത്തെ സ്നേഹിച്ച, സേവിച്ച ഒരു നേതാവിനെ അദ്ദേഹത്തിന്‍റെ ജീവിത സായാഹ്നത്തിൽ ചേർത്ത് നിർത്താൻ പോലുമുള്ള മാനുഷിക മൂല്യങ്ങൾ ഇല്ലാതെ പോയാൽ പിന്നെ എന്ത് ഇടതുപക്ഷം? ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് നേട്ടമെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.


