ഹർത്താലെന്ന സമരായുധത്തെ കപടസമരത്തിനുള്ള ആയുധമാക്കി; ബിജെപിക്കെതിരെ കോടിയേരി

By Web TeamFirst Published Dec 21, 2018, 1:20 PM IST
Highlights

വനിതാമതിൽ പൊളിക്കുമെന്ന് എത്ര ഉച്ചത്തില്‍ വിളിച്ചു പറയുന്നുവോ അത്രമേല്‍ ആവേശത്തോടെ വനിതകള്‍ ഈ വനിതാമതിലില്‍ ഭാഗമാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ 

തിരുവനന്തപുരം: ശബരിമല വനിതാ മതിൽ  വിഷയത്തിൽ  എൻഎസ്എസിനെതിരെയും സുകുമാരൻ നായർക്കെതിരെയും രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാമതിൽ പൊളിക്കുമെന്ന് എത്ര ഉച്ചത്തില്‍ വിളിച്ചു പറയുന്നുവോ അത്രമേല്‍ ആവേശത്തോടെ വനിതകള്‍ ഈ വനിതാമതിലില്‍ ഭാഗഭാമാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറ‍ഞ്ഞു. ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇപ്രകാരം പറഞ്ഞത്. മതില്‍ പൊളിയുമെന്നുള്ള ചിലരുടെ മോഹം ദിവാസ്വപ്നമാകും എന്നും കോടിയേരി കൂട്ടിച്ചേര്‍ക്കുന്നു. 

മതനിരപേക്ഷതയെയും ഭരണഘടനയെയും സ്ത്രീ പുരുഷ സമത്വത്തെയും ലിംഗനീതിയെയും സംരക്ഷിക്കാനുള്ളതാണിത്. 190ലധികം സംഘടനകള്‍ ചേര്‍ന്നാണ് വനിതാമതിലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാലഘട്ടത്തിന്‍റെ ചുമരെഴുത്ത് വായിച്ചു കൊണ്ടാണ് ഇതിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.

വനിതാമതില്‍ സൃഷ്ടിക്കുന്ന പുതിയ ഉണര്‍വ്വില്‍ അസഹിഷ്ണുത പൂണ്ടാണ് വനിതാമതിലിനെ വികൃതവത്ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വനിതാമതിലിനെ തുടക്കം മുതല്‍ എതിര്‍ക്കുകയും മുഖ്യമന്ത്രിയെ ഒറ്റ തിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയുമാണെന്ന് കോടിയേരി വിമര്‍ശിച്ചു. മതിലിൽ വിള്ളൽ വീഴ്ത്താനുള്ള ആർഎസ്എസ് ശ്രമത്തിന് കൂട്ടുനിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലിൽനിന്ന് മോചിതമാകാൻ വീണ്ടുവിചാരത്തിന് എൻഎസ്എസ് നേതൃത്വം തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എന്തായിരുന്നാലും സ്ത്രീപുരുഷ സമത്വമെന്ന ആശയത്തിലും ലിംഗതുല്യതയിലും ശബരിമല സ്ത്രീ പ്രവേശനത്തിലും നവേത്ഥാന മൂല്യ സംരക്ഷണത്തിലും കമ്യൂണിസ്റ്റുകാരും എല്‍ഡിഎഫും നിലപാട് സ്വീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും നോക്കിയല്ല. മന്നത്തിന്‍റെയും ചട്ടമ്പി സ്വാമിയുടെയും ആശയമാണ് വനിതാമതിലിൽ തെളിയുന്നതെന്നും കോടിയേരി വ്യക്തമാക്കി. 

ഹർത്താലെന്ന സമരായുധത്തെ കപടസമരത്തിനുള്ള ആയുധമാക്കി ബിജെപി അധപതിപ്പിച്ചു. അയ്യപ്പ ഭക്തന്മാരോട് ഒരു കനിവുമില്ലെന്ന് തെളിയിച്ച് തീർഥാടന കാലയളവിൽ പത്തനംതിട്ട ജില്ലയിലുൾപ്പെടെ ഒന്നിലധികം ദിവസം  മിന്നൽ ഹർത്താൽ നടത്തി. അതിനുവേണ്ടി ചില മരണങ്ങളെ അപഹാസ്യമായ രാഷ്ട്രീയ അവകാശവാദത്തിന് ഉപയോഗിച്ചു. ഇങ്ങനെ ബിജെപിയ്ക്ക് കേരളത്തിൽ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും  കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തിൽ പറയുന്നു. 
 

click me!