ബാലകൃഷ്ണപിള്ളക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസുമായും സി.പി.എം സഖ്യം ശക്തമാക്കുന്നു

By Web DeskFirst Published May 19, 2017, 6:27 AM IST
Highlights

കോട്ടയം ജില്ലാപഞ്ചായത്തില്‍ നേരത്തെ വിവാദമായ സി.പി.എം-കേരളകോണ്‍ഗ്രസ് ധാരണ തുടരും. നേരത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സി.പി.എം പിന്തുണച്ചതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെര‍ഞ്ഞെടുപ്പിലും സി.പി.എം കേരളകോണ്‍ഗ്രസിനെ പിന്തുണക്കും. അതേസമയം കോണ്‍ഗ്രസ് ധാരണ തെറ്റിച്ചെന്ന് കേരള കോണ്‍ഗ്രസ് ആരോപിച്ചു.

സംസ്ഥാന തലത്തില്‍ തന്നെ വലിയ ചര്‍ച്ചയും വിവാദവും ഉണ്ടാക്കിയ കേരളാ കോണ്‍ഗ്രസ്-സി.പി.എം സഖ്യം തുടരാന്‍ തന്നെയാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം, സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ കേരളാ കോണ്‍ഗ്രസ് തന്നെ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പായി. ധാരണ തെറ്റിച്ചത് കോണ്‍ഗ്രസ് ആണെന്നാണ് കേരളാ കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും കേരളാ കോണ്‍ഗ്രസും സഹകരിച്ചത് ഇടത് മുന്നണിയിലും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രൂക്ഷമായ വിമര്‍ശനമാണ് സി.പി.ഐ ഉന്നയിച്ചത്. പ്രാദേശികമായ ഏതൊരു തീരുമാനത്തിനും സംസ്ഥാന നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതോടെ കെ.എം മാണി അടക്കമുള്ള നേതാക്കളുടെ പിന്തുണയോടെയാണ് കേരളാ കോണ്‍ഗ്രസും സി.പി.എം സഖ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
 

click me!