പരവൂര്‍ ദുരന്തം: ജില്ലാ കളക്ടറുടേയും എഡിഎമ്മിന്‍റേയും മൊഴി രേഖപ്പെടുത്തും

By Wed DeskFirst Published Apr 13, 2016, 12:27 PM IST
Highlights

വെടിക്കെട്ടല്ല മത്സരക്കന്പമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്താൻ പോകുന്നതെന്ന് ബോധ്യപ്പെട്ട കളക്ടര്‍ അനുമതി നിഷേധിച്ചപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ എഡിഎമ്മിനെ ഫോണില്‍  വിളിച്ചെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. പിടിയിലായ ഏഴ് ക്ഷേത്ര ഭാരവാഹികളുടെ മൊഴികളില്‍ ഇത് വ്യക്തമാണ്. ക്ഷേത്രഭാരവാഹികള്‍ വിളിക്കുന്പോള്‍ എഡിഎം കൊച്ചിയിലെ വീട്ടിലായിരുന്നു. വാക്കാല്‍ അനുമതി നല്‍കിയ എഡിഎം താൻ കൊല്ലത്ത് എത്തുന്പോള്‍ അനുമതി നല്‍കാമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഡിഎം ഷാനവാസിന്‍റെ മൊഴിയെടുക്കുന്നത്. എഡിഎം വാക്കാല്‍ അനുമതി നല്‍കിയ കാര്യം കളക്ടര്‍ അറിഞ്ഞിരുന്നോ എന്നറിയാനാണ് കളക്ടര്‍ എ ഷൈനമോളുടെ മൊഴിയെടുക്കുന്നത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ച കാര്യവും ചോദിക്കും. കളക്ടര്‍ക്ക് ഇതിനായി വിശദമായ ചോദ്യാവലി നല്‍കും.

പക്ഷേ വെടിക്കെട്ടിന് പൊലീസ് അനുമതി നല്‍കിയ കമ്മീഷണറടക്കുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തുടക്കത്തില്‍ ചോദ്യം ചെയ്യാൻ
തീരുമാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പൊലീസിന്‍റെ വീഴ്ച തുറന്ന് പറഞ്ഞ കളക്ടറോട് സേനയില്‍ കടുത്ത അതൃപ്തിയുമുണ്ട്. അതേസമയം താൻ വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയെന്ന ക്രൈംബ്രാ‍ഞ്ച് കണ്ടത്തല്‍ തെറ്റാണെന്ന് എഡിഎം പറഞ്ഞു. പൊലീസിന്‍റെ വീഴ്ചയാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും എഡിഎം തുറന്നടിച്ചു.

ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്യപ്പെട്ട ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെ ജാമ്യാപേക്ഷ പരവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം കൊടുത്താല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചു. അതേസമയം പരവൂര്‍ ദുരന്തത്തില്‍ ആറ് പടക്ക നിര്‍മ്മാണത്തൊഴിലാളികളെ കൂടി അറസ്റ്റ് ചെയ്തു. ഇനിയും പിടികിട്ടാനുള്ള ക്ഷേത്രഭരണസമിതി അംഗങ്ങള്‍ മുൻ കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.

click me!