200 ഹെക്ടര്‍ കാട് കത്തിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു

By web deskFirst Published Mar 21, 2018, 2:39 PM IST
Highlights
  • തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലായി ഇരുനൂറ് ഹെക്ടറിലധികം കാടാണ് നാലുവര്‍ഷം മുമ്പ് കത്തിയമര്‍ന്നത്

വയനാട്: ജില്ലയില്‍ അസാധാരണമാം വിധം വ്യാപകമായി കാട് കത്തി നശിച്ച സംഭവം നടന്നിട്ട് നാല് വര്‍ഷം കഴിഞ്ഞു. മാര്‍ച്ച് 16,17,18,19 തീയ്യതികളിലാണ് തോല്‍പ്പെട്ടി, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി കാട്ടില്‍ തീപിടുത്തമുണ്ടായത്. ഇരുനൂറ് ഹെക്ടറിലധികം കാടാണ് കത്തിയമര്‍ന്നത്. നൂറുകണക്കിന് വരുന്ന പല വിധ ജീവികളും സസ്യജാലങ്ങളും കാട്ടുതീയില്‍ കത്തിയമര്‍ന്നു. 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കത്തിനില്‍ക്കെയായിരുന്നു തീ പിടിത്തം. അതിനാല്‍ തന്നെ കാടിന് ആരോ തീ വെച്ചതാണെന്ന നിഗമനത്തിലാണ് വനം വകുപ്പും പോലീസും എത്തിച്ചേര്‍ന്നത്. പോലീസ് അന്വേഷണത്തിന് പുറമേ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിക്കുകയായിരുന്നു. 

എന്നാല്‍ നാലുവര്‍ഷം അന്വേഷിച്ചിട്ടും ഇതുവരെ ഒരാളെ പോലും പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ച മട്ടാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. തുടക്കത്തില്‍ അന്വേഷണ സംഘം മണ്ണിന്റെ സാമ്പിള്‍ ശേഖരിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ഉണ്ടായി. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിരുന്നു. എങ്കിലും നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.  ഇതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന.
 

click me!