
കോഴിക്കോട്: ഒഡീഷയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിആര്‍പിഎഫ് ഇൻസ്പെക്ടർ കോഴിക്കോട് പയിമ്പ്ര സ്വദേശി രാധാകൃഷ്ണൻറെ മൃതശരീരം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് സിആര്‍പിഎഫ് ഇൻസ്പെക്ടർ പയിമ്പ്ര മേലെ പണക്കാട്ട് രാധാകൃഷ്ണന്‍റെ മൃതശരീരം കോഴിക്കോട് എത്തിച്ചത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ എത്തിച്ച മൃതശരീരം സിആര്‍പിഎഫ് കണ്ണൂർ പെരിങ്ങോം യൂണിറ്റിലെ അംഗങ്ങളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മരണത്തിൽ ദൂരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിലും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയതിനെ തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്താനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എംബാം ചെയ്യാതെ മൃതശരീരം ട്രെയിനിൽ ചെന്നൈയിലെത്തിച്ച് വീണ്ടും പാക്ക് ചെയ്താണ് കൊണ്ട് വന്നത്. തലയറ്റ നിലയിൽ ഒഡീഷ മുനിഗോഡയിലെ റെയിൽ ട്രാക്കിലായിരുന്നു രാധാകൃഷ്ണന്‍റെ മൃതശരീരം കണ്ടത്. 34 വർഷമായി സിആര്‍പിഎഫ് എട്ടാം ബറ്റാലിയനിൽ സിഗ്നൽ വിഭാഗത്തിൽ ഇൻസ്പെക്ടറായി ജോലി നോക്കുകയായിരുന്നു രാധാകൃഷ്ണൻ.
ഞായറാഴ്ചയാണ് മരണവിവരം വീട്ടുകാർ അറിഞ്ഞത്. ആത്മഹത്യയെന്നാണ് സഹപ്രവർത്തകർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ഭർത്താവ് ആത്മഹത്യ ചെയ്യില്ലെന്നും മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഭാര്യ സുനിത പറഞ്ഞു. ജോലിയിൽ നിന്നും VRS എടുത്ത് നാട്ടിലേക്ക് മടങ്ങാനിരുന്നതാണ് രാധാകൃഷ്ണൻ. ഇതിന്‍റെ നടപടി ക്രമങ്ങൾക്കായി 20 ന് എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. ജുവൈൽ, ഐശ്വര്യ എന്നിവരാണ് രാധാകൃഷ്ണന്‍റെ മക്കൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam