
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിആർപിഎഫ് വാഹനമിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ശ്രീനഗറില്‍ വിഘടനവാദി സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ജമ്മുകശ്മീർ പോലീസ് കേസ് എടുത്തു. റംസാനോട് അനുബന്ധിച്ച് സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും താഴ്വരയില്‍ സംഘര്‍ഷം പുകയുകയാണ്.
സിആര്‍പിഎഫ്ന്‍റെ വാഹനമിടിച്ച് ചികിത്സയിലായിരുന്ന 21കാരന്‍ കൈസര്‍ അഹമ്മദ് എന്നയാള്‍ ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. പരിക്കേറ്റ മാറ്റൊരു യുവാവിന്‍റെ നില ഗുരുതരമാണ്.ഇതോടെ നൗഹാട്ട സെക്ടറിലും അഖ്നൂരിലും സേനയുടെ വാഹനവ്യൂഹത്തിന് നേരെ പ്രദേശവാസികള്‍ അനിയന്ത്രിതമായ ആക്രമണം അഴിച്ചുവിട്ടു.
നൗഹാട്ടയില്‍ പട്രോളിങ്ങ് നടത്തിയ സിആര്‍പിഎഫ് സംഘത്തിന് നേരെ കല്ലെറിഞ്ഞ കൈസര്‍ അഹമമ്ദ് വാഹനത്തിലേക്ക് ചാടികയറിയെന്നും ഇതിനിടയില്‍ വണ്ടിയുടെ കീഴില്‍ പെട്ടുവെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ നൗഹാട്ടയിലെ സിആര്‍പിഎഫ് യൂണിറ്റിനെതിരെ ജമ്മുകശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിഘടനവാദി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ശ്രീനഗറില്‍ തുടരുകയാണ്.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുമ്പ് യുവാക്കളെ ജീപ്പിന് മുന്നില്‍ കെട്ടി വച്ച സുരക്ഷാ സേനകൾ ഇപ്പോള്‍ പ്രതിഷേധക്കാർക്ക് മുകളിലൂടെയാണ് വാഹനം ഓടിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആരോപിച്ചു.