എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത്; പ്രതിക്ക് 'കോഫെപോസ' പ്രകാരം ശിക്ഷ

By Web TeamFirst Published Nov 14, 2018, 11:25 PM IST
Highlights

കോഫെപോസ അഡ്വൈസറി ബോര്‍ഡാണ് അബുലൈസിന്‍റെ കരുതല്‍ തടങ്കല്‍ ശരിവച്ചിരിക്കുന്നത്. ഇതോടെ ജാമ്യമില്ലാതെ ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി 39 കിലോ സ്വര്‍ണ്ണം കടത്തിയത് 2013ലാണ്

തൃശൂര്‍: എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതി അബുലൈസിന് കോഫെപോസ (കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്സ്ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗളിംഗ് ആക്ടിവിറ്റീസ്) ആക്ട്  പ്രകാരം ഒരു വര്‍ഷം കരുതല്‍ തടങ്കല്‍ ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം ഒളിവില്‍ കഴിഞ്ഞ  അബുലൈസ് ഓഗസ്റ്റിലാണ് ഡിആര്‍ഐയുടെ പിടിയിലാകുന്നത്. 

എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതി അബുലൈസിനെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്യുന്നത്. ദുബായില്‍ നിന്ന് തൃശൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ടായിരുന്ന ഇയാള്‍ നേപ്പാള്‍ അതില്‍ത്തി വഴിയാണ് ഇന്ത്യയിലെത്തിയത്.

കോഫെപോസ അഡ്വൈസറി ബോര്‍ഡാണ് അബുലൈസിന്‍റെ കരുതല്‍ തടങ്കല്‍ ശരിവച്ചിരിക്കുന്നത്. ഇതോടെ ജാമ്യമില്ലാതെ ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി 39 കിലോ സ്വര്‍ണ്ണം കടത്തിയത് 2013ലാണ്.

ഷഹബാസ്, അബുലൈസ്, നബീല്‍ അബ്ധുള്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത കള്ളക്കടത്ത് നടപ്പിലാക്കിയത് എയര്‍ ഹോസ്റ്റസായ ഫിറോമാസ സെബാസ്റ്റ്യനും സുഹൃത്ത് റാഹില ചിറായിയും ചേര്‍ന്നായിരുന്നു.

സ്വര്‍ണ്ണവുമായി പിടിയിലായതോടെ കോഫെപോസ നിയമ പ്രകാരം ഫിറോമാസയും റാഹിലയും ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ കിടന്നിരുന്നു. മൂന്നാം പ്രതി നബീല്‍ അബ്ധുല്‍ ഖാദര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ യുഎഇയില്‍ ഉണ്ടെന്ന് ഡിആര്‍ഐയ്ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. 

 

click me!