വരാപ്പുഴ കസ്റ്റഡിമരണം: പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ പരിശോധിക്കും

By Web DeskFirst Published Apr 15, 2018, 6:17 PM IST
Highlights

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ പരിശോധിക്കും

വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ പൊലീസുദ്യോഗസ്ഥരുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ തേടി പ്രത്യേകാന്വേഷണസംഘം മൊബൈൽ കമ്പനികൾക്ക് കത്തു നൽകി. എറണാകുളം റൂറൽ എസ് പി അടക്കമുളളവരുടെ ഫോൺ വിളികളുടെ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതിന്
മുമ്പും ശേഷവുമുളള പൊലീസിന്‍റെ നീക്കങ്ങളാണ് പരിശോധിക്കുന്നത്.

റൂറൽ എസ് പി, ഈ ഉദ്യോഗസ്ന് കീഴിലുളള റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥർ, മുനമ്പം എസ് ഐ, അവിടുത്തെ ഡ്രൈവർ, വടക്കൻ പറവൂർ  സിഐ, വരാപ്പുഴ എസ് ഐ , കസ്റ്റഡി സമയം വരാപ്പുഴ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എന്നിവരുടെ ഫോൺ വിളികളുടെ വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം തേടിയിരിക്കുന്നത്. സി ഡി ആർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ സർവീസ് പ്രൊവൈഡർമാർക്ക് ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത് തന്നെയാണ് കത്ത് നൽകിയിരിക്കുന്നത്. ആരാണ് ആർ ടി എഫിനെ ശ്രീജിത്തിന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ചത്, റൂറൽ എസ് പിയുടെ അറിവോടെയായിരുന്നോ ഇത്, അവധിയിലായിരുന്ന വരാപ്പുഴ എസ് ഐ ദീപക് എന്തിനാണ് അർധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത് തുടങ്ങിയ കാര്യങ്ങളാണ് വിശദമായി പരിശോധിക്കുന്നത്.

ആർ ടി എഫ് കസ്റ്റ‍ഡിയിലെടുക്കുമ്പോഴാണോ പൊലീസ് വാഹനത്തിൽവെച്ചാണോ വരാപ്പുഴ പൊലീസ് സ്റ്റേഷനിൽവെച്ചാണോ ശ്രീജിത്തിന് മർദനമേറ്റതെന്ന് കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ കമ്പനികളിൽ ലഭിക്കുന്ന ഫോൺ വിളികളുടെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെ നാളെ മുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം. ഓരോരുത്തരെയും വിളിച്ചത് എന്തിനാണെന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് മറുപടി പറയേണ്ടതായി വരും. ഇതുവഴി ആരാണ് മർദിച്ചതെന്നും എവിടെവെച്ചാണെന്നും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. 

click me!