
കൊച്ചി: സംസ്ഥാനത്തെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് ദുബായ് കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ഗ്രൂപ്പുകൾ. വിവിധ വ്യാജ ഗ്രൂപ്പുകളുടെ അഡ്മിനായ പുനലൂർ സ്വദേശി എബി ഫെർണാണ്ടസിനെതിരെ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സൈബർ ആക്രമണത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങൾ പലരും വിദേശത്തായതിനാൽ പൊലീസും നിസഹായരാണ്.
ആലപ്പുഴ സ്വദേശിയായ അനു സോമരാജൻ ഒരൊറ്റകുറ്റമേ ചെയ്തിട്ടുളളു. സൈബർ ആക്രമണത്തിന് വിധേയരായ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പക്ഷേ പിന്നീടുണ്ടായത് വ്യക്തി അധിക്ഷേപത്തിന്‍റെ പരമ്പര. ഉറ്റവരെ അപകീർത്തിപ്പെടുത്തിയും അശ്ലീല പോസ്റ്റുകൾ പ്രചരിക്കുന്നു. പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചു. നിരവധി സൈബർ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനായ പുനലൂർ സ്വദേശി എബി ഫെർണാണ്ടസ് അഥവാ എബി മാത്യു തന്നയൊണ് ഇതിന് പിന്നില്ലെന്ന് പൊലീസും അനുവും തിരിച്ചറിഞ്ഞത് അപ്പോഴാണ്.
രണ്ടായിരത്തിലധികം അംഗങ്ങളുള്ള കിങ്ങേഴ്സ്, റോയൽസ് എന്നീ ഗ്രൂപ്പുകൾ വഴിയായിരുന്നു അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് സൈബർ ആക്രമണം. ഗ്രൂപ്പിലുള്ള കറുപ്പിനെ പ്രണയിക്കുന്നവൻ, മലമൂപ്പൻ, ഫേസ്ബുക്ക് ആങ്ങള, കാരയ്ക്കാമുറി ഷൺമുഖൻ, അലവാതി ഷാജി തുടങ്ങിയ അംഗങ്ങളെല്ലാം വ്യാജ മേൽവിലാസക്കാർ. ഇവർ വിദേശത്തിരുന്ന് സംസ്ഥാനത്തെ സൈബർ സെല്ലിനെ പോലും വെല്ലുവിളിക്കുന്നു.
വ്യാജ ഐഡിയിലുള്ളവരുടെ വിവരങ്ങൾ ഫെയ്സ്ബുക്കിൽ നിന്ന് ലഭിക്കുന്നതിലുള്ള കാലതാമസമാണ് അന്വേഷണ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളി.വിവരങ്ങൾ ശേഖരിച്ചാലും ഇതിലെ പ്രധാനികൾ വിദേശത്തായതിനാൽ അന്വേഷണം വഴിമുട്ടുന്നു. ഫലമോ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഓരോ നിമിഷവും തുടർന്ന് കൊണ്ടേയിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam