കഴിഞ്ഞ സാമ്പത്തിക വർഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 6073 കോടി രൂപയാണ്, ഇത് മുൻ വർഷത്തേക്കാൾ 53 ശതമാനം കൂടുതലാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട്, റങ്ട സൺസ്, വേദാന്ത ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കോർപ്പറേറ്റുകളാണ് പ്രധാന ദാതാക്കൾ.
ദില്ലി: തങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച സംഭാവനകളുടെ വിശദമായ കണക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി പുറത്തുവിട്ടത്. ഇത് പ്രകാരം 6073 കോടി രൂപയാണ് ഒരൊറ്റ വർഷം കൊണ്ട് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. ഇത് തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 53 ശതമാനം കൂടുതലാണ്. 2023-24 കാലത്ത് ബിജെപിക്ക് 3967 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ 42 ശതമാനവും അന്ന് ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് ലഭിച്ചത്.
എന്നാൽ ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതായതോടെ ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന ലഭിക്കുന്ന പ്രധാന മാർഗം. ഇതിലൂടെ എത്തിയ 2811 കോടി രൂപയിൽ 3112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. അവശേഷിക്കുന്ന 2,961 കോടി രൂപ വ്യക്തികളും കോർപ്പറേറ്റുകളും ബിജെപിക്ക് നൽകിയതാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), റങ്ട സൺസ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ), വേദാന്ത ലിമിറ്റഡ് (67 കോടി രൂപ) എന്നിവയായിരുന്നു മറ്റ് പ്രധാന ദാതാക്കളിൽ മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (65 കോടി രൂപ), ഡെറിവ് ഇൻവെസ്റ്റ്‌മെന്റ്‌സ് (53 കോടി രൂപ), മോഡേൺ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോട്ടസ് ഹോംടെക്‌സ്റ്റൈൽസ് ലിമിറ്റഡ് (51 കോടി രൂപ) എന്നിവരാണ് സംഭാവന നൽകിയ പ്രധാന കമ്പനികൾ.
സഫൽ ഗോയൽ റിയാലിറ്റി എൽഎൽപി, ഐടിസി ലിമിറ്റഡ്, ഗ്ലോബൽ ഐവി വെഞ്ച്വേഴ്സ് എൽഎൽപി, ഐടിസി ഇൻഫോടെക് ഇന്ത്യ ലിമിറ്റഡ്, ഹീറോ എന്റർപ്രൈസസ് പാർട്ണർ വെഞ്ച്വേഴ്സ്, മാൻകൈൻഡ് ഫാർമ ലിമിറ്റഡ്, സുരേഷ് അമൃത്‌ലാൽ കൊട്ടക്, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് എന്നിവയും ബിജെപിക്ക് വലിയ സംഭാവന നൽകിയ മറ്റ് ചില കമ്പനികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണ് 2024-25 ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത്.


