മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

By Web DeskFirst Published Dec 11, 2016, 11:39 AM IST
Highlights

ഭോപ്പാലില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് മലയാളികളുടെ സൈബര്‍ ആക്രമണം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജിലാണ് ഇന്നലെ മുതല്‍ മലയാളികളുടെ തെറിയഭിഷേകം തുടങ്ങിയത്. പലരും പച്ചമലയാളത്തില്‍ തന്നെയാണ് ശിവരാജ് സിങ് ചൗഹാനെ മര്യാദ പഠിപ്പിക്കുന്നത്. കേരളത്തില്‍ ആരെയും ഭയക്കാതെ കോഴിക്കോട് ബി.ജെ.പിക്ക് ദേശീയ നേതൃയോഗം നടത്താന്‍ കഴിഞ്ഞത് കണ്ടുപഠിക്കണമെന്നും അതാണ് കേരളത്തിന്റെ സംസ്കാരമെന്നും  ഉപദേശിക്കുന്നുമുണ്ട്. കമന്റുകള്‍ക്ക് മറുപടി നല്‍കാനും തിരിച്ച് ആക്രമിക്കാനും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരും പേജില്‍ സജീവമായിട്ടുണ്ട്.

മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയ പിണറായി വിജയനെ ആര്‍.എസ്.എസ്  പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് പൊലീസ് തടഞ്ഞത്. ഇതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദമറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പിണറായി വിജയനെ വിളിക്കുകയും ജില്ലാ കളക്ടറഉം മുതിര്‍ന്ന പൊലീസ് ഉദ്ദ്യോഗസ്ഥരും നേരിട്ടെത്തി മാപ്പു പറയുകയും ചെയ്തിരുന്നു. പരിപാടിക്ക് സംരക്ഷണമൊരുക്കാമെന്ന് പിന്നീട് പൊലീസ് അറിയിച്ചെങ്കിലും പരിപാടി അവസാനിച്ചെന്ന് മുഖ്യമന്ത്രി അവരോട് പറയുകയായിരുന്നു
 

click me!