
തിരുവനന്തപുരം/കൊച്ചി: സൈബർ ആക്രമണം നേരിടുന്ന കൊച്ചിയിലെ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി. ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.ഹനാനെതിരായ സൈബർ ആക്രമണം തടയുന്നതിന് നടപടിയെടുക്കാൻ ഡിജിപിയും പൊലീസിന് നിർദ്ദേശം നൽകി.
കൊച്ചിയിൽ മത്സ്യവില്പന നടത്തിയിരുന്ന തൃശൂർ സ്വദേശി ഹനാനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാർത്ഥിയായ ഹനാൻ മത്സ്യവില്പനക്കിറങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ഹനാന്‍റെ ജീവിത പശ്ചാത്തലത്തെ ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടന്നത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഉൾപ്പടെ ഹനാന് പിന്തുണയുമായി എത്തി.
സ്വന്തം കുടുംബത്തിന് അത്താണിയായ ഹനാൻ ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. ഹനാന്‍റെ പ്രവർത്തിയിൽ അഭിമാനമുണ്ട്.കേരളം മുഴുവൻ ഹനാനെ പിന്തുണക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തടയാൻ എറണാകുളം ജില്ലാ പൊലീസിനോടും നിർദ്ദേശിച്ചു.സോഷ്യൽ മീഡിയയിലുണ്ടായ അപകീർത്തി പ്രചാരണത്തിന്‍റെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഹനാന് പരാതി നൽകിയാൽ ഉടൻ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ് ഹനാന. ആരോഗ്യം വീണ്ടെടുത്താലുടൻ കൊച്ചിയിലെത്തി പരാതി നൽകാനാണ് തീരുമാനം..കൊച്ചി നഗരസഭ അനുവദിച്ച കിയോസ്കമായി തമ്മനത്ത് തന്നെ മത്സ്യവില്പന തുടരാനാണ് ആഗ്രഹമെന്നും ഹനാന അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam