'ജോണിവാക്കര്‍' മോഡല്‍; മുംബൈയില്‍ ബിരുദം നേടിയ 'അങ്കിളിന്' വന്‍ കയ്യടി

By Web DeskFirst Published Jul 19, 2018, 1:34 PM IST
Highlights
  • സാമ്പത്തിക പ്രയാസങ്ങളെ തുടർന്നാണ് പഠനം അവസാനിപ്പിച്ചിരുന്നത്
  • ഇനി നല്ലൊരു ജോലി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ്

മുംബൈ: ടാക്‌സി ഡ്രൈവറായ മുഹമ്മദ് ഫറൂഖ് ഷെയ്ഖ് സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്നാണ് പത്താം ക്ലാസ്സോടുകൂടി പഠനം അവസാനിപ്പിച്ചത്. തുടര്‍ന്ന് പല ജോലികളും ചെയ്തു. ഒരു ബാങ്കിലെ ക്ലര്‍ക്കിന്റെ തസ്തികയിലായിരുന്നു ഏറെക്കാലം ജോലി ചെയ്തത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ബാങ്ക് മുഹമ്മദിനെ പിരിച്ചുവിടുകയായിരുന്നു. 

പിന്നീട് ടാക്‌സി ഓടിച്ചാണ് ഭാര്യയും മക്കളുമടങ്ങിയ കുടുംബത്തെ മുഹമ്മദ് സംരക്ഷിച്ചത്. ഇതിനിടയിലാണ് വീണ്ടും പഠിക്കാനുള്ള മോഹമുണ്ടായത്. മകന്‍ ഹാസിമിന്റെ പ്രചോദനം കൂടിയായപ്പോള്‍ മുഹമ്മദ് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. 

മഹാരാഷ്ട്രയിലെ വൈ.ബി ചവാന്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ അങ്ങനെ വീണ്ടും പഠനം തുടങ്ങി. മകന്റെ പ്രായമുള്ളവര്‍ക്കൊപ്പം പഠിക്കാനെത്തുന്ന മുഹമ്മദിനെ വിദ്യാര്‍ത്ഥികള്‍ 'അങ്കിള്‍' എന്ന് വിളിച്ച് ശീലിച്ചു. പഠനകാര്യങ്ങളിലെ സംശയങ്ങള്‍ മകനോട് ചോദിച്ചാണ് മുഹമ്മദ് പരിഹരിക്കാറ്. 

ടാക്‌സി ഓടിക്കാന്‍ പോകും മുമ്പ് രാവിലെ നേരത്തേ എഴുന്നേറ്റ് മുഹമ്മദും മകനും ഒരുമിച്ച് പഠിക്കും. മകന്റെ പ്രായമുള്ളവര്‍ തന്നെയായിരുന്നു തന്റെ അധ്യാപകരെന്നും പ്രായത്തിന്റെ പ്രശ്‌നം പഠനത്തില്‍ തന്നെ അലട്ടിയില്ലെന്നും മുഹമ്മദ് പറയുന്നു. 

'ബിരുദധാരിയായി ലോകത്തെ നോക്കുമ്പോള്‍ കൂടുതല്‍ ബഹുമാനമാണ് തോന്നുന്നത്, അല്‍പം കൂടി നല്ല ഒരു ജോലി നേടാനാകുമെന്ന പ്രതീക്ഷ ഇപ്പോഴുണ്ട്'- മുഹമ്മദ് പറയുന്നു. 
 

click me!