ശബരിമല കയറാന്‍ ശ്രമിച്ച അമ്മിണിയുടെ സഹോദരിക്ക് മര്‍ദ്ദനം

By Web TeamFirst Published Jan 27, 2019, 9:41 PM IST
Highlights

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച വയനാട്ടിലെ ആദിവാസി നേതാവ് അമ്മിണിയുടെ സഹോദരിക്കും മകനും മര്‍ദ്ദനം. ശബരിമലവിഷയമെന്ന് അമ്മിണി. അല്ലെന്ന് പൊലീസ്. 

വയനാട്: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച വയനാട്ടിലെ ആദിവാസി നേതാവ് അമ്മിണിയുടെ സഹോദരിക്കും മകനും മര്‍ദ്ദനമേറ്റു. ദര്‍ശനം നടത്താന്‍ ശ്രമിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായി ഇരുവരും ചൂണ്ടികാട്ടുന്നത്. അതേസമയം അക്രമത്തിന് പിന്നില്‍ ശബരിമല വിഷയമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അമ്മിണിയുടെ സഹോദരി ശാന്തയ്ക്കും മകന്‍ പ്രഫുല്ലകുമാറിനും നേരെയാണ് ആക്രമണമുണ്ടായത്. കുളത്തുവയിലെ അമ്പലകുന്നുകോളനിയിലെ ശാന്തയുടെ വീട്ടിലെത്തിയായിരുന്നു അക്രമം. പ്രഫുല്ല കുമാറിന് തലക്ക് മുറിവേറ്റു. വധഭീക്ഷണിയുണ്ടെന്നു കാണിച്ചു നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയടുക്കാത്തതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമായി അമ്മിണി ചൂണ്ടികാട്ടുന്നത്.

സംഭവത്തിന് ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുളത്തുവയള്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ മദ്യപിച്ച് കോളനിയിലുള്ളവര്‍ തമ്മില്‍ കയ്യേറ്റമുണ്ടായി. ഇതാണ് അക്രമത്തിന് കാരണമെന്നുമാണ് അമ്പലവയല്‍ പൊലീസിന്‍റെ വിശദീകരണം. സംഭവത്തെകുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

click me!