പരാതിയുമായി എത്തിയ ദലിത് യുവാവിനെ  പൊലീസ് സ്‌റ്റേഷനില്‍ ആളുമാറി മര്‍ദ്ദിച്ചു

By Web DeskFirst Published Sep 27, 2016, 5:46 PM IST
Highlights

കൊച്ചി: ദലിത് യുവാവിനെ ആളുമാറി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം. കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയ 19കാരനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

യൂത്ത് കോണ്‍ഗ്രസ്, ബിജെപി, ആംആദ്മി പ്രവര്‍ത്തകരാണ് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. 

ഞായറാഴ്ച രാത്രിയാണ് എറണാകുളം വെണ്ണല സ്വദേശിയായ സൂരജിന് പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് മര്‍ദ്ദനമേറ്റത്. കുടുംബവഴക്കിനെ പറ്റി പരാതി പറയാന്‍ സ്റ്റേഷനിലെത്തിയതായിരുന്നു സൂരജ്. എന്നാല്‍ ബവ്‌റിജസ് ഔട്ട്‌ലറ്റിനു മുന്നില്‍ വച്ച് പൊലീസിനെ അസഭ്യം പറഞ്ഞവരുടെ കൂട്ടത്തില്‍ സൂരജുമുണ്ടായിരുന്നെന്ന് ആരോപിച്ച് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പൊലീസ് മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സൂരജ് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ച സൂരജിനെതിരെ കേസെടുക്കുകയാണ് ചെയ്തതെന്ന് പൊലീസ് അധികൃതര്‍ വിശദീകരിച്ചു. സംഭവത്തെ പറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അന്വേഷണം നടത്തുന്നുണ്ട്.

click me!