
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ പഴങ്കല്ലിമേട് ഗ്രാമത്തിലെ 250 ദളിത് കുടുംബങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്. കഴിഞ്ഞയാഴ്ച നടന്ന ഉത്സവത്തിന് സവര്‍ണര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നാരോപിച്ച് ഗ്രാമത്തിലെ ദളിതര്‍ തിരിച്ചറിയല്‍ രേഖകള്‍ പ്രതിഷേധസൂചകമായി ജില്ലാ അധികൃതര്‍ക്ക് തിരികെ നല്‍കി. വിവേചനം തുടര്‍ന്നാല്‍ മറ്റ് മതങ്ങളിലേയ്‌ക്ക് മാറുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഗ്രാമത്തിലെ ദളിതര്‍ പറയുന്നു.
തമിഴ്നാട്ടിലെ കടലോരജില്ലയായ നാഗപട്ടണത്തെ പഴങ്കല്ലിമേട്, നാഗപള്ളി എന്നീ ഗ്രാമങ്ങളിലെ ദളിതര്‍ക്ക് ജാതിവിവേചനം പുതിയ കഥയല്ല. വര്‍ഷങ്ങള്‍ നീണ്ട സമരങ്ങളെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇവരെ ഗ്രാമത്തിലെ ഭദ്രകാളിയമ്മന്‍ കോവിലില്‍ പ്രവേശിയ്‌ക്കാന്‍ ഗ്രാമത്തിലെ പിള്ളൈ എന്ന സവര്‍ണ സമുദായാംഗങ്ങള്‍ അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന ക്ഷേത്രോത്സവത്തിന് ദളിതര്‍ ക്ഷേത്രത്തില്‍ കയറി പ്രാര്‍ഥിയ്‌ക്കുന്നതില്‍ നിന്ന് സവര്‍ണസമുദായാംഗങ്ങള്‍ തടയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രാമത്തിലെ ദളിതര്‍ പ്രതിഷേധവുമായി നാഗപട്ടണം ജില്ലാ ആസ്ഥാനത്തിനു മുന്നിലെത്തിയത്. ആധാര്‍ ഉള്‍പ്പടെയുള്ള എല്ലാ തിരിച്ചറിയല്‍ രേഖകളും തിരികെ നല്‍കിയ ഇവര്‍ വിവേചനം തുടരുന്നതിനാല്‍ മതം മാറുകയാണെന്ന് പ്രഖ്യാപിച്ചു.
പഴങ്കല്ലിമേട്, നാഗപള്ളി എന്നീ ഗ്രാമങ്ങളിലായി 400 ല്‍ 250 കുടുംബങ്ങളും ദളിതരാണ്. ഗ്രാമത്തില്‍ ദളിതര്‍ക്കിടയില്‍ ചില മതസംഘടനാപ്രവര്‍ത്തകര്‍ ഖുറാനും ബൈബിളും വിതരണം ചെയ്തെന്നാരോപിച്ച് സ്ഥലത്തെ ഹിന്ദു സംഘടനകളായ ഹിന്ദു മക്കള്‍ കച്ചിയും ഹിന്ദു മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയ ജില്ലാ അധികൃതര്‍ ചില സമയങ്ങളില്‍ മാത്രം ദളിതരെ ക്ഷേത്രത്തില്‍ കയറ്റാമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചതെന്നും ഇത് സ്വീകാര്യമല്ലെന്നും പ്രതിഷേധം തുടരുമെന്നും ദളിത് സമരനേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam