ഹോളിവുഡ് താരം ഡേവിഡ് ബാള്‍ഡ് ഈഗിള്‍ അന്തരിച്ചു

By Asianet NewsFirst Published Jul 28, 2016, 2:01 AM IST
Highlights

ഹോളിവുഡ് സിനിമാ ലോകത്തെ ആദിവാസി പ്രതിനിധിയായ ഡേവിഡ് ബാള്‍ഡ് ഈഗിള്‍(97) അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഈഗിള്‍  90ല്‍  ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡാന്‍സ് വിത് വോള്‍വ്‌സ് എന്ന ചിത്രത്തിലെ അഭിനേതാവാണ്.

വടക്കന്‍ അമേരിക്കയിലെ പുരാതന ആദിവാസി വിഭാഗമായ ഡക്കോട്ട വിഭാഗത്തെ പ്രതിനിധീകരിച്ചാണ്  ഡേവിഡ് ബാള്‍ഡ് ഈഗിള്‍ ഹോളിവുഡ് സിനിമാ ലോകത്തെത്തുന്നത്. 90ല്‍ ഓസ്‌കര്‍ നേടിയ ഡാന്‍സ് വിത്ത് വോള്‍വ്‌സ് ഉള്‍പ്പെടെ നാല്‍പ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

മികച്ച നര്‍ത്തകനായി പേരെടുത്ത ഈഗിള്‍ ഭാര്യയുടെ മരണ ശേഷമാണ് ഹോളിവുഡിലെത്തുന്നത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും നൃത്ത പരിശീലകന്‍ എന്ന അശ്വാഭ്യാസി എന്ന നിലയിലും പേരെടുത്ത അദ്ദേഹം ഡക്കോട്ട ജനവിഭാഗത്തിന്റെ മുഖമായി മാറുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത്  അമേരിക്കന്‍ സെന്യത്തില്‍ അംഗമായിരുന്നു ഈഗിള്‍.  യുദ്ധത്തിനിടെ ജര്‍മന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സുഖം പ്രാപിച്ചതോടെ  സംഗീത രംഗത്തേക്ക് ചുവട് മാറ്റി.  ക്ലിഫ് കീയുടെ ബാന്‍ഡ് സംഘത്തിലെ ഡ്രമ്മറായിട്ടായിരുന്നു ചുവടുമാറ്റം. ഇവിടെ നിന്നാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.

എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ കഴിഞ്ഞ മാസം പ്രദര്‍ശിപ്പിച്ച നൈതര്‍ വോള്‍ഫ് നോര്‍ ഡോഗ് ആയിരുന്നു അവസാന ചിത്രം. ആദിവാസി വിഭാഗത്തിന്റെ ആഗോള സംഘടനായായ യുണൈറ്റഡ് നേറ്റീവ് നേഷന്‍സിന്റെ ആദ്യ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംസ്‌കാരം.

 

 

click me!