ഇ-മെയില്‍ വിവാദം കൊഴുക്കുന്നു; ഹിലരിയും ട്രംപും നേര്‍ക്കുനേര്‍

By Asianet NewsFirst Published Jul 28, 2016, 1:56 AM IST
Highlights

വാഷിങ്ടണ്‍: ഹില്ലരി ക്ലിന്റന് എതിരായ ഇ-മെയില്‍ ആരോപണത്തെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുരംഗത്ത് പുതിയ വിവാദം. ഹിലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ കണ്ടെത്താന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. ചാരപ്പണി നടത്താനാണ് ഒരു വിദേശ രാജ്യത്തോടു ട്രംപ് ആവശ്യപ്പെട്ടതെന്നാരോപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതര്‍ പരസ്പരം അയച്ച തന്ത്രപ്രധാന ഇ-മെയിലുകള്‍ അടുത്തിടെ ചോര്‍ന്നിരുന്നു. വികി ലീക്‌സ് ഇവയില്‍പ്പെട്ട ആയിരക്കണക്കിന് ഇ-മെയിലുകള്‍ പുറത്തുവിട്ടത് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ കടുത്ത ആഭ്യന്തര സംര്‍ഷവുമുണ്ടാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചത് മുന്‍പു വിവാദമായിരുന്നു. ഈ രണ്ട് സംഭവങ്ങളും ധ്വനിപ്പിച്ചായിരുന്നു ട്രംപിന്റെ പരിഹാസം.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ പരിഹാസവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. പ്രസ്താവന ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും വിദേശരാജ്യത്തോട് ചാരപ്പണി ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്നുമായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നതെന്ന് ഹിലരിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.

അതേസമയം റഷ്യയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ ചോര്‍ത്തിയതെന്ന മുറുമുറുപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഡൊണാള്‍ഡ്  ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുച്ചിനും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു. ഏതായാലും ഇ മെയില്‍ വിവാദമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ അമേരിക്കയിലെ പ്രധാന രാഷ്ട്രീയ വിഷയം.

click me!