
കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെതിരെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി. ഡിസിസിയുടെ മികച്ച പ്രവര്‍ത്തനത്തിന് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം ലഭിച്ചുവെന്ന സിദ്ദിഖിന്റെ പ്രചാരണത്തിനെതിരെയാണ് മറ്റ് ചില ഡിസിസി പ്രസിഡന്റുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് സിദ്ദിഖിന്റെ വാദം.
കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയശേഷം ടി സിദ്ദിഖിട്ട ഫേസ്‌ബുക് പോസ്റ്റാണ് മുറുമുറുപ്പിന് കാരണം. ഏറ്റവും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവച്ചതിന് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക പ്രശംസ കിട്ടിയെന്നാണ് സിദ്ദിഖ് അവകാശപ്പെടുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചെന്നും, ക്രിയാത്മകമായ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്കകാന്‍ കഴിഞ്ഞെന്നും സിദ്ദിഖ് വിശദീകരിക്കുന്നു. പിന്നാലെ കേരളത്തിലെ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റായി രാഹുല്‍ ഗാന്ധി സിദ്ദിഖിനെ തെരഞ്ഞെടുത്തെന്ന പ്രചാരണം അദ്ദേഹത്തിന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍നിറക്കുകയാണ്.
ഇതിനെതിരെയാണ് ചില ഡിസിസി പ്രസിഡന്റുമാര്‍ എഐസിസിയെ സമീപിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ വീടിന് മുന്നില്‍ തീര്‍ത്ത ബാരിക്കേഡില്‍ കാത്തു നിന്ന സമ്മേളന പ്രതിനിധികളില്‍ ഒരാള്‍ മാത്രമായിരുന്നു സിദ്ദീഖെന്നും, പതിനഞ്ച് സക്കന്‍ഡ് സമയം മാത്രമേ ഒരാള്‍ക്ക് ഹസ്തദാനത്തിനായി രാഹുല്‍ ഗാന്ധി നല്‍കിയുള്ളൂവെന്നും പരാതിക്കാരായ ഡിസിസി പ്രസിന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
കാറ്റിന്റെ വേഗതയില്‍ കടന്നുപോയ രാഹുല്‍ ഗാന്ധി സിദ്ദിഖിനെ മാത്രം അഭിനന്ദിച്ചത് കണ്ടില്ലെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചിത്രമടക്കം ദുരുപയോഗം ചെയ്ത നടത്തുന്ന സിദ്ദിഖിന്‍റെ ആത്മപ്രശംസക്കെതിരെയാണ് ഇവരുടെ പരാതി. എന്നാല്‍ തനിക്ക് മാത്രമായി കൂടുതല്‍ സമയം അനുവദിച്ചെന്നും, പ്രവര്‍ത്തത്തനങ്ങളെ അഭിനന്ദിച്ചെന്നുമാണ് ടി സിദ്ദിഖ് ആവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam