മറയൂരില്‍ വനത്തിനുള്ളിലെ പാറയിടുക്കില്‍ മനുഷ്യജഡം കണ്ടെത്തി

By Web DeskFirst Published Feb 16, 2018, 8:46 AM IST
Highlights

ഇടുക്കി: മറയൂരില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലെ പാറയിടുക്കില്‍ വീണ നിലയില്‍ മനുഷ്യജഡം കണ്ടെത്തി. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ മാതിനിമന്തയിലുള്ള പാറയിടുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പാറയിടുക്കില്‍ നിന്നും പുറത്തെടുക്കാന്‍ കഴിയാത്ത നിലയിലാണ് ജഡം. ഇക്കോടൂറിസത്തിന്‍റെ ഭാഗമായി ആലാംപെട്ടിയില്‍ നിന്നും തൂവാനം വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ ട്രക്കിങ്ങിന് പോകുന്ന പാതയില്‍ നിന്നും അരകിലോമീറ്റര്‍ അകലയുള്ള പാറയിടുക്കിലാണ് ശവശരീരം കാണപ്പെട്ടത്.

തൂവാനം വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോയി മടങ്ങിയെത്തിയ ട്രക്കര്‍ ഗോപാലാനാണ് കാടിനൂള്ളില്‍ നിന്നും ദുര്‍ഗ്ഗന്ധം വമിക്കുന്നതായി  സമീപത്തുള്ള ഔട്ട് പോസ്റ്റില്‍ വിവരം അറിയിച്ചത്. കാട്ട് പോത്തുപോലുള്ള വന്യമൃഗങ്ങള്‍ ആയിരിക്കാമെന്ന് കരുതി മഹസ്സര്‍ തയ്യാറാക്കനായി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജേഷ് കുമാര്‍, ട്രൈബര്‍ വാച്ചര്‍ ചിന്നപ്പന്‍ എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പാറയിടുക്കില്‍ നിന്ന് അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം വമിക്കുന്നതായി കണ്ടെത്തിയത്.

പാറയിടുക്കില്‍ കനത്ത ഇരുട്ടായിരുന്നതിനാല്‍ ടോര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചിട്ടും മനസ്സിലാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഫോറസ്റ്റ് സ്റ്റേഷനിലും ചിന്നാര്‍ റെയിഞ്ച് ഓഫീസിലും വിവരം അറിയിച്ചു. വിവരം അറിഞ്ഞ് ചിന്നാര്‍ അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥലത്ത് എത്തി ഔട്ട് പോസ്റ്റില്‍ നിന്നും സെര്‍ച്ച് ലൈറ്റും സൂം ക്യമാറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് പരിശോധിച്ചപ്പൊഴാണ് മനൂഷ്യ ശരീരം ആണെന്ന് സ്ഥിരീകരിച്ചത്. മുഖം അഴുകി കറുത്ത നിലയിലുള്ള ചിത്രമാണ് ക്യമറിയില്‍ ലഭിച്ചത്. നീലവസ്ത്രമാണ് ധരിച്ചിരിക്കൂന്നത്. പുരുഷന്‍റെ ജഡമാണെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രാഥമിക നിഗമനം. ദുര്‍ഗ്ഗന്ധം വമിക്കുന്ന പാറയിടുക്കിന് സമീപത്ത് അലുമിനിയം ബക്കറ്റുണ്ടായിരുന്നു.

മനുഷ്യന്‍റെ ശവശരീരമാണെന്ന് സൂചന ലഭിച്ച ഉടന്‍ മറയൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പൊലീസെത്തി ജഡം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കന്‍ സാധിച്ചില്ല.  നേരം വൈകിയതിനാല്‍ ഫയര്‍ ഫോഴ്സിന്‍റെയോ പാറയിടുക്കില്‍ ഇറങ്ങുന്നതില്‍ വിദഗ്തരായ പ്രദേശവാസികളുടെയോ സഹായത്തോടെ മൃതദേഹം ഇന്ന് ദിവസം പുറത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.  മറയൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജി അജയകുമാര്‍, അഡീഷണല്‍ എസ് ഐ എന്‍ എം ഹാഷിം , എ എസ് ഐ കോര്‍പ്പസ്, സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, നിയാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. 

ഇതിനിടയിൽ ചിന്നാര്‍ വനത്തില്‍ നിന്നും കാണാതായവരെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പാറയിടുക്കില്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസും വനംവകുപ്പും ആദിവാസി കോളനികളില്‍ അന്വേഷണം ആരംഭിച്ചു. പുറത്ത് നിന്നുള്ളവര്‍ ആരും തന്നെ ഈ വനമേഖലയിലേക്ക് കടന്നു വരാറില്ലാത്തതിനാല്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ 11 ആദിവാസി കോളനിയില്‍ നിന്നും ആരെങ്കിലും കാണാതായിടുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നു. വനം വകുപ്പ് നടത്തിയ വിവര ശേഖരണത്തില്‍ ഇരുട്ടള ആദിവാസി കോളനിയില്‍ നിന്നും ഒരാഴ്ച്ചയായി കാണിയുടെ ബന്ധുവിനെ കാണായാതിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം പാറയിടുക്കില്‍ നിന്നും പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസും വനം വകുപ്പും ആരംഭിച്ചു.
 

click me!